ഇത് വേറെ ലെവൽ ഗെറ്റപ്പ്; മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

നടൻ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രത്തിലെ ലുക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റോബി വര്ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘കണ്ണൂർ സ്ക്വാഡ്’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നടൻ മമ്മൂട്ടി ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടി കമ്പനി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
റോഷാക്കാണ് മമ്മൂട്ടി കമ്പനിയുടേതായി അവസാനമായി പുറത്തു വന്ന ചിത്രം. സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയായിരുന്നു ചിത്രം. റിലീസ് ചെയ്ത ദിവസം മുതൽ വലിയ പ്രശംസയാണ് ‘റോഷാക്ക്’ നേടിയത്.
അതേ സമയം ബി.ഉണ്ണികൃഷ്ണൻറെ മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ‘ക്രിസ്റ്റഫർ’ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 175 ഹൗസ്ഫുൾ ഷോകളുമായി ചിത്രം 1.83 കോടി രൂപയാണ് കേരളത്തില് നിന്ന് കളക്ട് ചെയ്തത്.
Read More: വാലിബനും ജയിലറും കണ്ടുമുട്ടിയപ്പോൾ; മോഹൻലാലും രജനികാന്തും ഒരുമിച്ചുള്ള ഫോട്ടോ ശ്രദ്ധേയമാവുന്നു
മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ഏറെ നാളുകൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘ക്രിസ്റ്റഫർ.’ ഒരു ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തിയത്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണിത്. ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർക്കൊപ്പം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: Mammootty new look