“സ്ഫടികം റീ റിലീസ് ചെയ്യാനുള്ള കാരണം മോഹൻലാലിന്റെ ജന്മദിനങ്ങൾ..”; ഭദ്രൻ-മോഹൻലാൽ ലൈവ് വിഡിയോ ശ്രദ്ധേയമാവുന്നു
മികച്ച പ്രതികരണമാണ് സ്ഫടികത്തിന്റെ റീ റിലീസിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് സ്ഫടികം. സ്ഫടികം തിയേറ്ററിൽ കാണാൻ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.
ഇപ്പോൾ മോഹൻലാലും ചിത്രത്തിന്റെ സംവിധായകനായ ഭദ്രനും ഒരുമിച്ചുള്ള ഒരു ലൈവ് വിഡിയോയാണ് ഏറെ ശ്രദ്ധേയമാവുന്നത്. പുതിയ സാങ്കേതിക മികവോടെ തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നതിലുള്ള സന്തോഷം പങ്കുവെയ്ക്കുകയാണ് മോഹൻലാലും ഭദ്രനും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി പറയുകയാണ് ഇരുവരും. സ്ഫടികം റീ റിലീസ് ചെയ്യാനുള്ള പ്രചോദനം എന്തായിരുന്നു എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ മോഹൻലാലിൻറെ ജന്മദിനങ്ങളാണ് അതിന് കാരണമെന്നും അന്ന് ചിത്രം വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് തന്നെ സമീപിച്ച ആരാധകരാണ് പ്രചോദനമായതെന്നും കൂട്ടിച്ചേർത്തു.
അതേ സമയം മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിച്ചു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. സ്ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്ന് ഭദ്രൻ പറഞ്ഞിരുന്നു.
Story Highlights: Mohanlal and bhadran live video