“സുഹൃത്ത്, ഇതിഹാസം, രാജാവ്, എക്കാലത്തെയും മികച്ച നടൻ..”; ഷാരൂഖ് ഖാനെ പുകഴ്ത്തി ലോക പ്രശസ്‌ത എഴുത്തുകാരൻ പൗലോ കൊയ്‌ലോ പങ്കുവെച്ച വിഡിയോ

February 3, 2023

കളക്ഷൻ റെക്കോർഡുകളെ തകർത്തെറിഞ്ഞ് മുന്നേറുകയാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ.’ ചിത്രത്തിന്റെ വമ്പൻ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയാണ് ചിത്രം. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

ഇപ്പോൾ ഷാരൂഖ് ഖാനെ പുകഴ്ത്തി ലോക പ്രശസ്‌ത എഴുത്തുകാരൻ പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്‌ത ഒരു വിഡിയോയാണ് ശ്രദ്ധേയമാവുന്നത്. പഠാന്റെ വമ്പൻ വിജയത്തിന് ശേഷം ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ തടിച്ചു കൂടിയ ആരാധകരെ താരം അഭിവാദ്യം ചെയ്‌തിരുന്നു. ഈ വിഡിയോ അദ്ദേഹം തന്നെ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. വിഡിയോ റീ-ട്വീറ്റ് ചെയ്യുകയായിരുന്നു പൗലോ കൊയ്‌ലോ. “രാജാവ്, ഇതിഹാസം, സുഹൃത്ത്, എല്ലാത്തിനുമപ്പുറം എക്കാലത്തെയും മികച്ച നടന്മാരിലൊരാൾ..” എന്ന് കുറിച്ച് കൊണ്ടാണ് എഴുത്തുകാരൻ വിഡിയോ ട്വീറ്റ് ചെയ്‌തത്‌.

Read More: ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്‌ത്‌ ഗൗരി ലക്ഷ്‌മി-വിഡിയോ

അതേ സമയം മികച്ച പ്രതികരണമാണ് പഠാന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 25 നാണ് ‘പഠാൻ’ റിലീസ് ചെയ്‌തത്‌.

Story Highlights: Paulo coelho retweets sharukh khan’s video