ഇനി ചരിത്ര സിനിമയെടുക്കാനില്ല..; തുറന്നു പറഞ്ഞ് പ്രിയദർശൻ

February 6, 2023

ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിനെത്തിയത്. ദേശീയ അവാർഡ് അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിനെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

ചരിത്ര സിനിമയെടുത്ത് ദേഹം പൊള്ളിയ ആളാണ് താനെന്നും അതിനാൽ തന്നെ ചരിത്ര സിനിമകൾ ഇനി എടുക്കില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ചരിത്രം ചരിത്രമായി തന്നെ എടുത്താൽ ഡോക്യുമെന്ററി ആവുകയേ ഉള്ളുവെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

അതേ സമയം സാഹിത്യ ലോകത്തെ ഇതിഹാസമായ എം.ടി വാസുദേവൻ നായർക്കുള്ള സമർപ്പണമായി നെറ്റ്ഫ്ലിക്സ് ഒരുക്കിയ ആന്തോളജി ചിത്രത്തിന് വേണ്ടിയാണ് മരക്കാറിന് ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടും കൈകോർത്തത്. ‘ഓളവും തീരവും’ എന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്‌തത്‌. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച ഇതേ പേരിലുള്ള ചിത്രം 1970 ൽ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ നടൻ മധു അവതരിപ്പിച്ച നായക കഥാപാത്രമായ ബാപ്പൂട്ടിയായി മോഹൻലാൽ എത്തുമ്പോൾ പ്രശസ്‌ത നടൻ ജോസ് പ്രകാശ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമായ കുഞ്ഞാലിയെ ഹരീഷ് പേരടിയാണ് അവതരിപ്പിക്കുന്നത്.

Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..

ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ദുർഗ കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പഴയ ചിത്രത്തിൽ ഉഷ നന്ദിനി അവതരിപ്പിച്ച കഥാപാത്രത്തെയാണ് ദുർഗ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരഭി ലക്ഷ്മി, വിനോദ്‌ കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ്‌ കുളൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, ജയരാജ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ഇവർക്കൊപ്പം എംടിയുടെ മകൾ അശ്വതിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

Story Highlights: Priyadarshan about marakkar