ടോം ക്രൂസിനൊപ്പം മികച്ച നടനുള്ള നോമിനേഷൻ നേടി രാം ചരണും ജൂനിയർ എൻടിആറും; ആർആർആറിന് മറ്റൊരു അന്താരാഷ്ട്ര അംഗീകാരം
ഓസ്കാർ അവാർഡ് നിശ അടുക്കുന്നതോടെ ‘ആർആർആർ’ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണത്തെ ഓസ്കാർ അവാർഡിൽ മികച്ച ഗാനത്തിനുള്ള നോമിനേഷൻ ആർആർആറിലെ “നാട്ടു നാട്ടു” എന്ന ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ചിത്രം കൂടുതൽ ലോക സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ വമ്പൻ വിജയമാണ് രാജമൗലിയുടെ ‘ആർആർആർ’ നേടിയത്. സ്റ്റീവൻ സ്പിൽബെർഗ്, ജയിംസ് കാമറൂൺ അടക്കമുള്ള സംവിധായകർ ചിത്രത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു.
ഇപ്പോൾ ‘ആർആർആർ’ സ്വന്തമാക്കിയ മറ്റൊരു അംഗീകാരമാണ് ശ്രദ്ധേയമാവുന്നത്. ഏറെ പ്രശസ്തമായ ക്രിട്ടിക്സ് ചോയിസ് സൂപ്പര്‍ അവാര്‍ഡ്സില്‍ ചിത്രത്തിലെ നായകന്മാരായ രാം ചരണിനും ജൂനിയർ എൻടിആറിനും നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് അടക്കമുള്ള ലോക പ്രശസ്ത നടന്മാർക്കും നോമിനേഷനുണ്ട്. ആക്ഷൻ മൂവി വിഭാഗത്തിലാണ് ഇരുവരും അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം
അതേ സമയം സ്റ്റീവൻ സ്പിൽബര്‍ഗും രാജമൗലിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്ക്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം സ്പിൽബര്‍ഗിനെ കണ്ടു മുട്ടിയത്. “ഞാൻ ദൈവത്തെ കണ്ടുമുട്ടി” എന്ന് കുറിച്ച് കൊണ്ടാണ് രാജമൗലി സ്പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് നേടിയ എം.എം കീരവാണിയും സ്പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമാണ് കീരവാണി കുറിച്ചത്. “നാട്ടു നാട്ടു” ഗാനം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് സ്പിൽബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനായില്ലെന്നും കീരവാണി കൂട്ടിച്ചേർത്തു.
Story Highlights: RRR receives another international recognition