ചെകുത്താൻ എത്തുന്നു; സ്‌ഫടികത്തിന്റെ 4കെ മികവിലുള്ള ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

February 6, 2023

സംവിധായകൻ ഭദ്രൻ ഒരുക്കിയ മാസ്റ്റർപീസാണ് ‘സ്‌ഫടികം.’ മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്‌ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് ‘സ്‌ഫടികം.’ ഭദ്രൻ സംവിധാനം ചെയ്‌ത ഈ സൂപ്പർ ഹിറ്റ് ചിത്രം ഇപ്പോൾ വീണ്ടും റിലീസിനൊരുങ്ങുകയാണ്. റിലീസ് ചെയ്‌ത്‌ 28 വർഷങ്ങൾ തികയുമ്പോഴാണ് സ്‌ഫടികം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ 4 കെ മികവിലുള്ള ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രെയ്‌ലർ റിലീസ് ചെയ്‌തിരിക്കുന്നത്‌. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് മലയാള സിനിമ പ്രേക്ഷകർ സ്‌ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുന്നത്. സ്‌ഫടികം തിയേറ്ററിൽ കാണാൻ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.

Read More: ‘ഡിബി നൈറ്റ്’ സംഗീതനിശയിലെ ഇഷ്ടപ്പെട്ട പെർഫോമറെ കമന്റ് ചെയ്യൂ; ടിക്കറ്റ് സ്വന്തമാക്കാം..

അതേ സമയം മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്‌ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിക്കുന്നു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്ന് ഭദ്രൻ പറഞ്ഞിരുന്നു.

Story Highlights: Sphadikam trailer released