പ്രാണവായുവിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്..- കുറിപ്പ് പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

March 12, 2023
aswathy sreekanth waste plant issue

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും ഇപ്പോഴും അണഞ്ഞിട്ടില്ല. പ്ലാന്റിൽ നിന്നുള്ള തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ ശക്തമായി പുരോഗമിക്കുന്നുണ്ട്. പ്ലാന്റിന്റെ 90% സ്ഥലത്തെയും തീ നിയന്ത്രണ വിധേയമാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്തുദിവസമായി കൊച്ചി നിവാസികൾ പ്രതിസന്ധിയിലാണ്.

ഒട്ടേറെ ആളുകൾ ശക്തമായ പ്രതിഷേധങ്ങൾ അറിയിക്കുന്നുണ്ട്. അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത് പങ്കുവെച്ച കുറിപ്പ് ഈ അവസരത്തിൽ ശ്രദ്ധനേടുകയാണ്. അശ്വതിയുടെ കുറിപ്പ് ഇങ്ങനെ;

എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമിയിൽ സകലതിനും കാശ് കൊടുത്ത് ജീവിക്കേണ്ട അവസ്ഥയുള്ള ഒരേ ഒരു ജീവി വർഗം മനുഷ്യരാണെന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എല്ലാവരുടേതുമായ ഭൂമി, എല്ലാവരുടേതുമായ വെള്ളം, എല്ലാവരുടേതുമായ വായു. മനുഷ്യർ സകലതും വെട്ടിപ്പിടിച്ചും മാറ്റിവച്ചും വിലയിട്ടതിനു ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ച് പ്രാണവായു ആയിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്നത്…! അതിനുള്ള അവകാശം കൂടിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിക്കാർക്ക് നഷ്ടപ്പെടുന്നത്. ആരുടെ അനാസ്ഥയായാലും അധികാരികൾ സമാധാനം പറഞ്ഞേ മതിയാവൂ. നിങ്ങളിൽ ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്.
നുണകൾക്ക് മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിഞ്ഞിരിക്കും ?? പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് ??

Read Also: ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്ന് വല്ലാത്ത ബുദ്ധിമുട്ടിലാണ് നഗരവാസികൾ. നിരവധി ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്. 

Story highlights- aswathy sreekanth about brahmapuram waste plant issue