ഒരു ഗ്രാമം പേരുമാറ്റുമ്പോൾ- അയിരൂർ ഇനി ‘കഥകളി ഗ്രാമം’
ഓരോ നാടിനും തനതായ ചില പുരാണകളും അഭിമാനിക്കാനുള്ള നുറുങ്ങുകളുമൊക്കെ ഉണ്ടാകും. അത്തരത്തിൽ കഥകളി പെരുമയിൽ പേരുകേട്ട നാടാണ് പത്തനംതിട്ട ജില്ലയിലെ അയിരൂർ എന്ന ഗ്രാമം. ഹിന്ദു പുരാണങ്ങളും ബൈബിളുമെല്ലാം കഥകളിയുടെ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ മണ്ണ് ഇനി ആ പേരിൽ തന്നെ അറിയപ്പെടും. പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ നിന്നുള്ള കഥകളി കലാകാരന്മാർ പതിറ്റാണ്ടുകളായി കഥകളിക്ക് പേരുകേട്ടവരാണ്. ഇപ്പോഴിതാ, ശാസ്ത്രീയ നൃത്തരൂപത്തെ നാടിന്റെ പേരിനൊപ്പം ബന്ധിപ്പിക്കാനുള്ള അവകാശം നേടിയിരിക്കുകയാണ് ഇവർ. ഇനി അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും.
12 വർഷത്തെ പരിശ്രമത്തിനൊടുവിൽ, പത്തനംതിട്ടയിലെ അയിരൂർ ഗ്രാമം ഇന്ത്യൻ ഭൂപടത്തിൽ ഇനി ‘അയിരൂർ കഥകളി ഗ്രാമം’ ആയി കാണപ്പെടും. വിപുലമായ ചമയക്കൂട്ടുകൾക്കും വേഷവിധാനത്തിനും പേരുകേട്ട കഥകളിക്ക് ഗ്രാമം നൽകിയ പ്രാധാന്യത്തിന്റെ ഫലമാണിത്.
300 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ ഉത്ഭവിച്ച കഥകളി കൈയും മുഖവും ആംഗ്യങ്ങളും ഭാവങ്ങളും ഉപയോഗിച്ച് ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. പൊതുവെ ഹൈന്ദവ ഇതിഹാസങ്ങളാണ് കഥകളിക്ക് പ്രമേയമാകാറുള്ളത്. എന്നാൽ. അയിരൂർ ഗ്രാമത്തിൽ ഈ പതിവ് നിലവിലില്ല. ഇവിടെ, ഹൈന്ദവ ഇതിഹാസങ്ങൾ മാത്രമല്ല, ബൈബിളിൽ നിന്നുള്ള കഥകളായ ‘അബ്രഹാമിന്റെ ത്യാഗം’, ‘ധൂർത്തപുത്രൻ’, ‘മഗ്ദലന മറിയം’ എന്നിവയും അവതരിപ്പിക്കപ്പെടുന്നു.
1995 ൽ ഈ നാട്ടിൽ രൂപംകൊണ്ട കഥകളി ക്ലബ്ബിന്റെ അഭ്യർത്ഥന മാനിച്ചാണ് ഗ്രാമത്തിന്റെ പേര് അയിരൂർ കഥകളി ഗ്രാമം എന്നാക്കി മാറ്റാൻ 2010ൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കിയത്. എന്തായാലും 12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ഗ്രാമം ഇനി കഥകളിയുടെ പേരിൽ അടയാളപ്പെടുത്തപ്പെടും.
Story highlights- Ayroor village will now be seen on the Indian map as ‘Ayirur Kathakali Gramam’