എണ്ണമയമാർന്ന ചർമ്മമുള്ളവർ അറിഞ്ഞിരിക്കേണ്ട സംരക്ഷണ രീതികൾ..

March 9, 2023

മിക്ക പെൺകുട്ടികളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചർമ്മം. സെബാസിയസ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുകയും അധിക സെബം ഉൽപ്പാദിപ്പിക്കുകയും ചെയ്യുമ്പോഴാണ് മുഖത്ത് എണ്ണമയം അടിയുകയും മുഖക്കുരു, ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, സുഷിരങ്ങൾ തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നത്. എണ്ണമയമുള്ള ചർമ്മത്തിന് ചില ലളിതമായ സൗന്ദര്യ-ചർമ്മ സംരക്ഷണ നുറുങ്ങുകൾ പാലിച്ച് നിയന്ത്രണത്തിലാക്കാൻ സാധിക്കും.

പ്രധാനമായും ദിവസേന ഒന്നിലധികം തവണ മുഖം വൃത്തിയാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. സുഷിരങ്ങൾ, മുഖക്കുരു തുടങ്ങിയവയിൽ അടിഞ്ഞുകൂടിയ അഴുക്കും എണ്ണയും നീക്കം ചെയ്യുന്നതിനായാണ് ഇത്. എണ്ണ രഹിതമായ ക്ലൻസറുകൾ, ഫേസ് വാഷുകൾ ഒക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഔഷധ സോപ്പുകൾ എണ്ണമയമുള്ള ചർമ്മത്തിന് നല്ലതാണ്. സാലിസിലിക് ആസിഡ്, ടീ ട്രീ ഓയിൽ, വേപ്പ്, മഞ്ഞൾ, തേൻ എന്നിവയൊക്കെ അടങ്ങിയ ക്ലൻസറുകളാണ് ഉപയോഗിക്കേണ്ടത്.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ സ്ക്രബ്ബ്‌ ചെയ്യുന്നത് എണ്ണമയമുള്ള ചർമ്മത്തിന് ഉത്തമമാണ്. ചർമ്മത്തിലെ അഴുക്കും നിർജ്ജീവ കോശങ്ങളും ഇല്ലാതാക്കാനുംമറ്റുമായി ചർമ്മ സംരക്ഷണ ദിനചര്യയിൽ സ്ക്രബ്ബ്‌ ചെയ്യുക. സ്ക്രബ്ബിനൊപ്പം ഫേസ്‌പാക്കുകളും ശീലമാക്കണം. ചന്ദനം, മുൾട്ടാണി മിട്ടി എന്നിവ അടങ്ങിയ ഫേസ് പായ്ക്കുകൾ അല്ലെങ്കിൽ മാസ്കുകൾ എണ്ണമയമുള്ള ചർമ്മത്തിന് വളരെ നല്ലതാണ്, കാരണം ഇവ അധിക എണ്ണയെ മൃദുവായി ആഗിരണം ചെയ്യുന്നു.

ദിവസേന ടോണിംഗ് ചെയ്യുന്നത് അമിതമായ എണ്ണമയം ഇല്ലാതാക്കാനും ചർമ്മത്തിലെ അഴുക്ക് പുറന്തള്ളാനും സഹായിക്കും. റോസ് വാട്ടർ വളരെ നല്ല ടോണറാണ്. എണ്ണമയമുള്ള ചർമ്മത്തിന് ഈർപ്പവും ജലാംശവും ആവശ്യമാണ്. അതുകൊണ്ട് എണ്ണരഹിതമായ മോയിസ്ചറൈസർ ഉപയോഗിക്കുക.

Read Also: ‘നിന്റെ തിരുനടയിൽ..’- നൃത്തഭാവങ്ങളിൽ അനു സിതാര

എണ്ണമയം കൂടുതലായി തോന്നുമോ എന്ന ഭയത്തിൽ പലരും ഒഴിവാക്കുന്ന ഒന്നാണ് സൺസ്‌ക്രീൻ. അത് തെറ്റായ പ്രവണതയാണ്. സൺസ്ക്രീൻ ഉപയോഗിച്ചില്ലെങ്കിൽ ചർമ്മം കൂടുതൽ ഇരുളാനും എണ്ണ അടിയാനും സാഹചര്യമൊരുക്കും .

Story highlights- healthy Beauty Tips for Oily Skin