തിയേറ്റർ പ്രദർശനത്തിൽ ഹാഫ് സെഞ്ചുറി അടിച്ച് ‘പഠാന്‍’; ചിത്രം ഒടിടിയിൽ റിലീസിനൊരുങ്ങുന്നു

March 16, 2023
Pathan ott release

വലിയ തകർച്ച നേരിട്ട ബോളിവുഡ് പഠാന്റെ വമ്പൻ വിജയത്തിലൂടെ വലിയൊരു തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. വമ്പൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ഹിന്ദി സിനിമ മേഖല ‘ബ്രഹ്മാസ്ത്ര’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങളിലൂടെ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാൽ പഠാന്റെ വലിയ വിജയം ബോളിവുഡിന് പുതുജീവൻ നൽകിയിരിക്കുകയാണ്. ഇന്ത്യൻ ബോക്‌സോഫിസിനെ ഇളക്കിമറിക്കുകയായിരുന്നു ചിത്രം. (Pathan ott release)

ഇപ്പോൾ തിയേറ്റർ പ്രദർശനത്തിൽ 50 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിൽ ഹാഫ് സെഞ്ചുറി അടിച്ചത്. അതിനോടൊപ്പം തന്നെ പഠാന്‍ ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ മാർച്ച് 22 മുതലാണ് ചിത്രം ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

അതേ സമയം പഠാന്റെ കളക്ഷൻ നേരത്തെ 1000 കോടി കടന്നിരുന്നു. റിലീസ് ചെയ്‌ത്‌ രണ്ടാം ദിനം തന്നെ ചിത്രം 200 കോടി നേടിയിരുന്നു. ഷാരൂഖ് ഖാന്റെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനാണ് ‘പഠാൻ’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആദ്യ ദിനം തന്നെ ലോകമെമ്പാട് നിന്നും 100 കോടി നേടിയിരുന്നു. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളക്ഷനാണിത്. അഞ്ച് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 500 കോടിയിലെത്തിയിരുന്നു.

Read More: നാനിക്കൊപ്പം നൃത്തവുമായി കീർത്തി സുരേഷ്- വിഡിയോ

മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷാരൂഖ് ഖാൻ സിനിമകളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. തുടർച്ചയായി തന്റെ ചിത്രങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹം സിനിമകളിൽ നിന്നൊരു ഇടവേള എടുത്തത്. എന്നാലിപ്പോൾ ഒരു വമ്പൻ തിരിച്ചു വരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയിരിക്കുന്ന ‘പഠാൻ’ ആരാധകരുടെ പ്രതീക്ഷ കാത്തുവെന്നാണ് അറിയാൻ കഴിയുന്നത്.

Story Highlights: Pathan is all set for ott release