അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ രാജമൗലി; ഓസ്‌കാർ വേദിയിൽ നിന്നുള്ള കാഴ്ച്ച-വിഡിയോ

March 13, 2023
RRR oscar win

ഒടുവിൽ ആ ചരിത്ര മുഹൂർത്തം പിറന്നു. ഒരു ഇന്ത്യൻ സിനിമ ഓസ്‌കാർ വേദിയിൽ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. രാജമൗലി ഒരുക്കിയ ‘ആർആർആർ’ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു..” എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌കാർ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഗാനത്തിന് സംഗീതമൊരുക്കിയ എം.എം കീരവാണി വിഖ്യാതമായ ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങി. (RRR oscar win celebrated by rajamouli)

ഇന്ത്യക്കാരെ പറ്റിയുള്ള സിനിമകൾ ഇതിന് മുൻപും ഓസ്‌കാർ വേദിയിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. ‘ഗാന്ധി’, ‘സ്ലംഡോഗ് മില്യനയർ’ എന്നീ ചിത്രങ്ങളൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇത്തരം സിനിമകളുടെ ഭാഗമായിട്ടുള്ള ഏ.ആർ റഹ്‌മാൻ അടക്കമുള്ള ഇതിഹാസങ്ങൾ ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാൽ പൂർണമായും ഇന്ത്യൻ സിനിമ എന്നവകാശപ്പെടാൻ കഴിയുന്ന ഒരു ചിത്രത്തിന് ഓസ്‌കാർ അവാർഡ് ലഭിക്കുന്നത് ഇതാദ്യമായാണ്. അതിനാൽ തന്നെ ഇന്ത്യൻ സിനിമയ്ക്ക് ഇത് അഭിമാന മുഹൂർത്തമാണ്.

ഇപ്പോൾ അവാർഡ് പ്രഖ്യാപനം കേട്ട് സന്തോഷം അടക്കാനാവാതെ ആഘോഷിക്കുന്ന രാജമൗലിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഓസ്‌കാർ വേദിയിൽ നിന്നുള്ള ഈ വിഡിയോ ഇപ്പോൾ വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Read More: ഓസ്കാർ തിളക്കത്തിൽ ഇന്ത്യ; ആർആർആർ-നും ദ എലഫന്റ് വിസ്‌പറേഴ്‌സിനും പുരസ്‌കാരം

അതേ സമയം കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്‌ത് ഗുനീത് മോംഗ നിർമ്മിച്ച ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ 95-ാമത് അക്കാദമി അവാർഡുകളിൽ മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം നേടി. വിഭാഗത്തിലെ മറ്റ് നാല് നോമിനികൾ ആയിരുന്നു ഹൗലൗട്ട്, ദി മാർത്ത മിച്ചൽ ഇഫക്റ്റ്, സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ്, ഹൗ ഡു യു മെഷർ എ ഇയർ? എന്നിവ. ഈ വിഭാഗത്തിൽ ഓസ്‌കാർ നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്.’ അത് കൊണ്ട് തന്നെ ഇത്തവണത്തെ ഓസ്‌കാർ നിശ ഇന്ത്യൻ സിനിമയ്ക്ക് വലിയ ആവേശം പകർന്നിരിക്കുകയാണ്.

Story Highlights: Rajamouli celebrates nattu nattu’s oscar win