‘അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്..’- ഇന്നസെന്റ് ഓർമകളിൽ വിനീതും ദുൽഖർ സൽമാനും
നടൻ ഇന്നസെന്റിന്റെ വേർപാട് മലയാള സിനിമാലോകത്തിനും ആസ്വാദക ലക്ഷത്തിനും നൊമ്പരമാണ് പകരുന്നത്. ആരാധകർക്ക് പുറമെ നിരവധി അഭിനേതാക്കളാണ് അനശ്വര നടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നത്. നടൻ ദുൽഖർ സൽമാനും വിനീത് ശ്രീനിവാസനും അവരുടെ നടന്മാരായ അച്ഛൻമാരിലൂടെ സുപരിചിതനായിരുന്നു ഇന്നസെന്റ്. ഇരുവരും പങ്കുവയ്ക്കുന്ന കുറിപ്പും അതിനാൽ വളരെ വൈകാരികമായിരുന്നു.
‘താരക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം നമുക്ക് നഷ്ടപ്പെട്ടു. ഞങ്ങൾ കരയുന്നത് വരെ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. നിങ്ങൾ ഉയർന്ന നിലവാരമുള്ള ഒരു നടനായിരുന്നു. കാലാതീതനായ എക്കാലത്തെയും മഹാന്മാരിൽ ഒരാൾ. നിങ്ങൾ കുടുംബമായിരുന്നു, എനിക്കുമാത്രമല്ല, നിങ്ങളെ സ്ക്രീനിൽ കണ്ട എല്ലാവർക്കും. കണ്ടുമുട്ടിയ എല്ലാവർക്കും. നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ. സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ. താങ്കൾ എന്റെ കുട്ടിക്കാലമായിരുന്നു. നിങ്ങളുടെ കൂടെ അഭിനയിച്ച് ഞാൻ വളർന്നു. ഐ ലവ് യു അങ്കിൾ..’- ദുൽഖർ സൽമാൻ കുറിക്കുന്നു.
‘എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്..’- വിനീത് ശ്രീനിവാസൻ കുറിക്കുന്നു.
Read Also: ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു
ശരീരഭാഷയും വ്യത്യസ്തമായ സംഭാഷണശൈലിയുമായിരുന്നു ഇന്നസെന്റിന്റെ കരുത്ത്. വർഷങ്ങളോളം താരസംഘടന അമ്മയുടെ പ്രസിഡന്റായിരുന്ന ഇന്നസെന്റ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ലോക്സഭയിലെത്തി.
Story highlights- vineeth sreenivasan and dulquer salmaan about innocent