അമ്പരപ്പിക്കുന്ന പ്രതികരണം; പ്രളയകാലം പങ്കുവയ്ക്കുന്ന ‘2018’ ട്രെയിലറിന് മികച്ച സ്വീകാര്യത

April 28, 2023

മലയാളികൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ സംഭവത്തിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2018- കേരളത്തിലെ ആദ്യ പ്രളയം. പ്രളയം സൃഷ്ടിച്ച ദുരന്തത്തിനിടയിൽ, യഥാർത്ഥ സൂപ്പർഹീറോകൾ ആരാണെന്ന് നമ്മൾ കണ്ടു. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആ സൂപ്പർ ഹീറോകളെ തന്റെ അടുത്ത ചിത്രമായ ‘2018’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് എത്തിക്കുകയാണ്.

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ് ട്രെയ്‌ലർ. സിനിമയുടെ ട്രെയ്‌ലർ പുറത്തിയപ്പോൾ പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപിന്‌ അണിയറ പ്രവർത്തകർ നന്ദി അറിയിക്കുകയും ചെയ്തു. വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മലയാളി ഒരിക്കലും മറക്കാനിടയില്ലാത്ത വർഷം തന്നെയാണ് ‘2018’. മഹാപ്രളയം കേരളത്തെ ഒന്നാകെ ദുരിതലാക്കിയ വർഷമായിരുന്നു 2018. ആദ്യം ഭയത്തിന്റെയും ആശങ്കയുടെയും തീവിത്തുകൾ ജനങ്ങൾക്കിടെ പാകിയെങ്കിലും പിന്നീടങ്ങോട്ട് നാം കണ്ടത്, കേട്ടത് ചെറുത്തു നിൽപ്പിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥകളാണ്. ഒറ്റകെട്ടായി കേരളക്കര പോരാടി ഒതുക്കിയ ആ പ്രളയത്തെയും അതിന്റെ കെടുതികളെയും ആധാരമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് ‘2018 Everyone Is A Hero’. മേയ് അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.

പ്രതീക്ഷയും ആകാംഷയും ഒരുപോലെ സമ്മാനിക്കുന്ന ട്രൈയ്ലർ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. ഇതുവരെ രണ്ട് മില്യൺ വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുകയാണ്. 2018 എവരിവണ്‍ ഈസ് എ ഹീറോ’ (Every One is A Hero) എന്ന ടാഗ് ലൈനുള്ള ചിത്രം ഏറെ നാളത്തെ ഷൂട്ടിംഗ് – പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് ശേഷമാണു പ്രേക്ഷകർക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്. പ്രളയ ദിനങ്ങളുടെ ഭീകരതയെയും തുടർന്നുണ്ടായ മനുഷ്യാവസ്ഥയെ യഥാർഥ്യ ബോധത്തോടെ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ ജൂഡ് ആന്തണിയും സംഘവും അശ്രാന്ത പരിശ്രമമാണ് നടത്തിയത്.

സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സഹ തിരക്കഥാകൃത്ത് : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്.

Story highlights- 2018 movie trailer response