ഗണപതി കഥയും ഉർവശിയും; ഹാസ്യരസ പ്രാധാന്യത്തോടെ ചാൾസ് എന്റർപ്രൈസസ്- റിവ്യൂ

May 20, 2023

ഏറെ പ്രതീക്ഷയുണർത്തി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ചാൾസ് എന്റർപ്രൈസസ്. പ്രമേയത്തിലും വേറിട്ടുനിന്നതിനാൽ പ്രേക്ഷകർ ചിത്രത്തെ വരവേറ്റതും ആവേശത്തോടെയാണ്. ആ ആവേശം തെറ്റിച്ചില്ല ചാൾസ് എന്റർപ്രൈസസ് എന്ന് സംശയമില്ലാതെ പറയാൻ സാധിക്കും. നമ്മൾ ഇതിനകം കണ്ട വിശ്വാസവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരുപാട് സിനിമകളുടെ പുനരാവിഷ്‌കാരം പോലെ തോന്നുമെങ്കിലും വേറിട്ട കഥപറച്ചിൽ രീതിയാണ് ചിത്രം പിന്തുടർന്നിട്ടുള്ളത്.

അടിയുറച്ച ഭക്തയായ ഗോമതി എന്ന കഥാപാത്രത്തെയാണ് ഉർവ്വശി അവതരിപ്പിക്കുന്നത്. ബാലു വർഗീസ് അവതരിപ്പിക്കുന്ന മകൻ രവിക്ക് നിശാ അന്ധതയുണ്ട്. ഗുരു സോമസുന്ദരം ആണ് ഉർവശിയുടെ ഭർത്താവായി ചിത്രത്തിൽ എത്തുന്നത്. ഗോമതി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു കഴിയുകയാണ്.
ഗോമതിയുടെ കുടുംബത്തിന് ഒരു പൂർവ്വിക നിധിയുണ്ട്, ഗണപതിയുടെ ഒരു വിഗ്രഹം.

ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ രവി, വിഗ്രഹം മോഷ്ടിക്കാനും വിൽക്കാനും തീരുമാനിക്കുമ്പോൾ സംഭവിക്കുന്ന ചിലതാണ് സിനിമയുടെ കാതൽ. രവിയും ഗോമതിയും തമ്മിലുള്ള നിമിഷങ്ങളും, പരമ്പരാഗത പെണ്ണുകാണൽ രീതി എന്നിവയെല്ലാം സിനിമയിൽ വേറിട്ടുനിൽക്കുന്ന കാഴ്ചകളാണ്.

ബാലു, ഉർവ്വശി, ഗുരു സോമസുന്ദരം, കലൈയരശൻ, ബാലു വർഗീസ് എന്നിവർ ചിത്രത്തിൽ അവരുടെ പ്രകടനം മികച്ചതാക്കി. കൊച്ചിയിലെ തമിഴ് സമൂഹത്തിനായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അത് രസകരവും സിനിമയെ മികച്ചതാക്കുന്നതുമായ ഒരു ഘടകമാണ്. കഥാഗതിക്കനുസരിച്ചുള്ള ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും പ്രൊഡക്ഷൻ ഡിസൈനിങ്ങുമെല്ലാം ചേർന്ന് മികച്ചരീതിയിൽ പ്രേക്ഷകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കുകയാണ്.

 ഏറെ നാളുകൾക്ക് ശേഷമാണ് മലയാളവും തമിഴും ഇടകലർന്ന് കേരളത്തിൽ സംഭവിക്കുന്നൊരു കഥാപശ്ചാത്തലത്തിലുള്ള ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. ചിത്രത്തിന്റെ മുപ്പത് ശതമാനത്തോളം തമിഴ് സംഭാഷണങ്ങളാണ്. സിനിമയുടെ തമിഴ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നതാവട്ടെ പ്രശസ്ത തമിഴ് ചിത്രമായ കാക്കമുട്ടൈയുടെ സംഭാഷണ രചയിതാവും സംവിധായകന്റെ സുഹൃത്തുമായ മുരുകാനന്ദ് കുമരേശനാണ്.

അഭിജശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, വിനീത് തട്ടിൽ, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് പ്രദീപ് മേനോനാണ്. റിലയൻസാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളം, ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള അറുപതിൽപരം രാജ്യങ്ങളിൽ റിലയൻസ് എന്റർടൈൻമെന്റ് ചിത്രം പ്രദർശനത്തിനെത്തിക്കും. എപി ഇന്റർനാഷണലാണ് ഗൾഫ് വിതരണാവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

Story highlights- charles enterprises movie review