വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്നു; ‘ഗരുഡൻ’ സിനിമയ്ക്ക് തുടക്കമായി

May 12, 2023

സുരേഷ് ഗോപിയും ബിജു മേനോനും വർഷങ്ങൾക്ക് ശേഷം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഗരുഡൻ. സിനിമയ്ക്ക് തുടക്കമായി.ഒരു ലീഗൽ ത്രില്ലർ എന്ന നിലയിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ചിത്രീകരണം വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു.
അണിയറപ്രവർത്തകരും അഭിനേതാക്കളും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അരുൺ വർമ്മയുടെ ഗുരുനാഥൻ കൂടിയായ മേജർ രവി ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്.

അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, വിനയ് ഗോവിന്ദ്, തലൈവാസൽ വിജയ്, മിഥുൻ മാനുവൽ തോമസ്, അരുൺ വർമ്മ എന്നിവർന്ന് ഭദ്രദീപം തെളിയിക്കൽ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് കഥാകൃത്ത് ജിനേഷ്.എം. സ്വീച്ചോൺ കർമ്മവും മേജർ രവി ഫസ്റ്റ് ക്ലാപ്പും നൽകി. തലൈവാസൽ വിജയ്, ചൈതന്യ പ്രകാശ് എന്നിവരാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്. നിയമത്തിന്റെ പോരാട്ടം രണ്ടു പ്രധാന കഥാപാത്രങ്ങളിലൂടെ ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകനായ അരുൺ വർമ്മ.

സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ഒരിടവേളക്കുശേഷമാണ് സുരേഷ് ഗോപി-ബിജു മേനോൻ കോമ്പിനേഷൻ വീണ്ടും ഒത്തുചേരുന്നത്.ഇവർ ഒന്നിച്ചഭിനയിച്ച നിരവധി ചിത്രങ്ങളുണ്ട്.ഇവരുടെ കോമ്പിനേഷൻ വീണ്ടും എത്തുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.അഭിരാമി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ,രഞ്ജിനി, മാളവിക,എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
മിഥുൻ മാനുവൽ തോമസ്സിന്റേതാണ് തിരക്കഥ.

അഞ്ചാം പാതിരയുടെ കലാപരവും വാണിജ്യപരവുമായ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന മറ്റൊരു ത്രില്ലർ കൂടിയായിരിക്കും ഈ ചിത്രം. ബൃഹത്തായ ക്യാൻവാസ്സിൽ അവതരിപ്പിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണിത്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദ്രാബാദിലുമായി പൂർത്തിയാകും.

Read also: ‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ

കഥ – ജിനേഷ്.എം. സംഗീതം – ജേക്ക്സ് ബിജോയ് ,ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ്‌ – ശ്രീജിത്ത് സാരംഗ് . കലാസംവിധാനം -അനിസ് നാടോടി.പ്രൊഡക്ഷൻ ഇൻ ചാർജ് – അഖിൽ യശോധരൻ,മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റ്യും – ഡിസൈൻ.സ്റ്റെഫി സേവ്യർ. ആക്ഷൻ – ബില്ലാ ജഗൻ
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – അലക്സ് ആയൂർ, സനു സജീവൻ. സഹസംവിധാനം -ജിജോ ജോസ്. ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ.മാർക്കറ്റിംഗ് – ബിനു ബ്രിംഗ്‌ ഫോർത്ത് .പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര .പ്രൊഡക്ഷൻ – എക്സിക്കുട്ടീവ് – സതീഷ് കാവിൽക്കോട്ട. പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻ പൊടുത്താസ്. വാഴൂർ ജോസ്.ഫോട്ടോ – ശാലു പേയാട്.

Story highlights- garudan movie shooting started