‘ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം, പച്ചയായ മനുഷ്യൻ’- മമ്മൂട്ടിക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ജൂഡ് ആന്റണി ജോസഫ്

May 29, 2023

മലയാള സിനിമയ്ക്ക് അഭിമാനമാകുകയാണ് 2018 എന്ന ചിത്രം. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ കഥ പറയുന്ന ചിത്രം വിജയകരമായി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഈ അഭിമാന നിറവിലാണ്. ഇപ്പോഴിതാ, 2018ന്റെ വിജയം, മമ്മൂട്ടിക്കൊപ്പം ആഘോഷമാകുകയാണ് സംവിധായകൻ.

‘ആകാശത്തല്ലാതെ ഈ ഭൂമിയിൽ ജനിച്ച ഒരേ ഒരു താരം. പച്ചയായ മനുഷ്യൻ, നന്ദി മമ്മൂക്ക ഈ സ്നേഹത്തിന്, ചേർത്തു നിർത്തലിന്, നല്ല വാക്കുകൾക്ക്.’- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജൂഡ് കുറിക്കുന്നു. മുൻപും മമ്മൂട്ടിയുടെ ഒപ്പമുള്ള ചിത്രങ്ങൾ ജൂഡ് പങ്കുവെച്ചിരുന്നു.

അതേസമയം, 2018 മലയാളത്തിലെ ഇൻഡസ്‌ട്രിയൽ ഹിറ്റായി മാറിയിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത് പതിനേഴ് ദിനങ്ങൾ പിന്നിട്ടപ്പോൾ 137.6 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോക്സോഫീസ് കളക്ഷനിൽ മുൻപന്തിയിൽ നിന്നിരുന്ന ‘പുലിമുരുകൻ’, ‘ലൂസിഫർ’, എന്നീ ചിത്രങ്ങളെ ഒറ്റയടിക്ക് പിൻതള്ളികൊണ്ടാണ് ജൂഡ് ആന്തണി ജോസഫിന്റെ ‘2018 Everyone Is A Hero’ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. മലയാള സിനിമ ഇന്റസ്ട്രിയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ.

Read Also: ഇടിമിന്നിലിനും കാറ്റിനും സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് മുന്നറിയിപ്പ്

ബോക്സോഫീസിൽ മൂന്നാം ആഴ്ചയിൽ കേരളത്തിൽ നിന്നു മാത്രം 10.75 കോടിയാണ് ചിത്രം നേടിയത്. മൂന്നാം ആഴ്ചയിൽ ആദ്യത്തെ ആഴ്ചയിൽ നിന്നും 17 ശതമാനം കൂടുതലാണ് ചിത്രത്തിന്റെ കളക്ഷൻ. കേരളത്തിൽ നിന്നു മാത്രം ചിത്രം 65 കോടിയും, റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 9 കോടിയും നേടിയപ്പോൾ ഓവർസീസ് കളക്ഷൻ 8 മില്ലിയൻ യു എസ് ഡോളറാണ്.

Story highlights- jude antony joseph with mammootty