അഭിനയകലയിലെ അപൂർവ താരത്തിന് പിറന്നാൾ; ആശംസകൾ നേർന്ന് സിനിമാലോകം

May 21, 2023

ഇന്ന് നടൻ മോഹൻലാലിൻറെ പിറന്നാൾ ദിനമാണ്. ലോകമെങ്ങുമുള്ള മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ വലിയ ആഘോഷമാക്കുകയാണ്. സമൂഹമാധ്യമങ്ങളിലൊക്കെ സിനിമ രംഗത്തെ പ്രമുഖ താരങ്ങളും ഒപ്പം പ്രേക്ഷകരും മോഹൻലാലിന് പിറന്നാളാശംസ നേർന്ന് കൊണ്ട് പങ്കുവെച്ച കുറിപ്പുകളും ചിത്രങ്ങളും കൊണ്ട് നിറയുകയാണ്.

പിറന്നാൾ ആഘോഷിക്കുന്ന താരരാജാവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള നിരവധി വിഡിയോകളും ഇതിനോടകം പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞു. അഭിനേതാവായും ഗായകനായുമെല്ലാം തിളങ്ങിയ താരം സംവിധായക വേഷം അണിയുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി മോഹൻലാലാണ് ചിത്രത്തിൽ എത്തുന്നത്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങിലാണ് നടൻ.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.

Read also:റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

അതേസമയം, പുതിയ സിനിമകളുടെ തിരക്കുകളിലാണ് നടൻ. മലയാള സിനിമയുടെ യശസ്സ് ലോകമെങ്ങും എത്തിച്ച കലാകാരന്മാരായ മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന  ‘മലൈക്കോട്ടൈ വാലിബൻ’ ആണ് അടുത്ത ചിത്രം. നേരത്തെ മോഹൻലാലിന്റെയോ മറ്റ് നടന്മാരുടെയോ ചിത്രമില്ലാതെയാണ് മലൈക്കോട്ടൈ വാലിബന്റെ പോസ്റ്റർ റിലീസ് ചെയ്‌തത്‌. ഓള്‍ഡ് മങ്ക്സും ചിത്രകാരന്‍ കെ പി മുരളീധരനും ചേര്‍ന്നാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Story highlights- mohanlal’s birthday celebration