‘ഓൺലി സസ്യാഹാരം’: വിചിത്രമായ ഓഫീസ് നിയമം, വൈറലായി പോസ്റ്റ്

June 13, 2023

നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. അതുകൊണ്ട് തന്നെ നല്ല കമ്പനികൾക്കാണ് നമ്മൾ എപ്പോഴും മുൻഗണന നൽകാറ്. ഓരോ കമ്പനികൾക്കും ജോലി ചെയ്യുന്നവർ പാലിക്കേണ്ട പ്രത്യേക നിയമങ്ങൾ ഉണ്ട്. എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റിൽ കമ്പനി തൊഴിലന്വേഷകനോട് ഒരു നിയമം പാലിക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്താണ് ആ നിയമം എന്നല്ലേ? ഓഫീസ് പരിസരത്ത് സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളു എന്നാണ് കമ്പനി ജീവനക്കാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കമ്പനിയിൽ നിന്നുള്ള മെയിൽ ഉദ്യോഗാർത്ഥിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ജോലിക്ക് അപേക്ഷിച്ച ആൾ തനിക്ക് അയച്ച മെയിലിന്റെ ഒരു ഭാഗം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. “ഒരു ജോലിക്ക് അപേക്ഷിച്ചിരുന്നു. കമ്പനിയിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചു. അവർക്ക് ഇത് എന്റെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയുമോ അല്ലെങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ എന്നെ ജോലിക്ക് എടുക്കാതിരിക്കുമോ?” എന്ന അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

“നിങ്ങളുടെ അപേക്ഷയ്ക്ക് നന്ദി. ഷോർട്ട്‌ലിസ്റ്റ് ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നതിന്, ദയവായി ഇനിപ്പറയുന്ന ചോദ്യത്തിന് മറുപടി നൽകുക: ഞങ്ങളുടെ ജോലിസ്ഥലം കർശനമായി സസ്യാഹാരമാണ് പിന്തുടരുന്നത്. നിങ്ങൾ ജോലിയിൽ നിന്ന് മാറുന്ന സമയത്ത് സസ്യാഹാരം കഴിക്കേണ്ടതില്ല. പക്ഷേ ജോലിസ്ഥലത്ത് ഒരു വീഗൻ ഉച്ചഭക്ഷണമോ കഴിക്കാൻ സസ്യാഹാരമോ കൊണ്ടുവരേണ്ടതുണ്ട്. ഇതിൽ നിങ്ങൾക്ക് ഓക്കെ ആണോ എന്നാണ്?” മെയിലിന്റെ ഒരു ഭാഗം.

പോസ്റ്റിന് ഓൺലൈനിൽ നിരവധി പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു വിഭാഗം ആളുകൾ കമ്പനിയുടെ അത്തരമൊരു ആവശ്യത്തെ പരിഹസിച്ചു. മറ്റു ചിലർ ജോലിസ്ഥലത്ത് അനുസരിക്കാൻ ആവശ്യപ്പെട്ട ഏറ്റവും വിചിത്രമായ നിയമമാണ് ഇതെന്ന് അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

Story highlights – ‘Strictly vegan’: Job seeker asked to comply with bizarre office rule