പാട്ടോളം തന്നെ മധുരം ഈ പ്രവൃത്തി; ജൂനിയർ ഗായികയ്ക്ക് വരികൾ മാറി, ഒപ്പം പാടി ശരിയാക്കി കൊടുത്ത് കെ എസ് ചിത്ര

June 14, 2023

കെ എസ് ചിത്ര എന്ന പേര് മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ആ പേരും സ്വരവും സംഗീതവും നമുക്ക് നൽകിയ സന്തോഷവും പാട്ടുകളും വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താനാകാത്തതാണ്. കെ.എസ്.ചിത്രയുടെ പാട്ടുകൾ പോലെ തന്നെ അവരുടെ വിനയവും മറ്റുള്ളവരോടുള്ള ഇടപെടലുകളും ചിത്രയെ മലയാളികൾക്ക് അത്രമേൽ പ്രിയപെട്ടതാക്കി മാറ്റി. സന്തോഷത്തിലും സങ്കടത്തിലും ഏറെ സ്നേഹത്തോടെ മലയാളികൾ അവരെ ചേർത്തുപിടിച്ചിട്ടുണ്ട്. കൂടെ പാടിയ ജൂനിയർ പാട്ടുകാരിയോടുള്ള ചിത്രയുടെ ഹൃദ്യമായ ഇടപെടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ലൈവ് ഗാന വേദിയിൽ ചിത്ര നടത്തിയ മനോഹരമായ ഇടപെടലാണ് ചർച്ചയാവുന്നത്. ‘വിഴിയേ കതൈയെഴുത്’ എന്ന തമിഴ് സിനിമയിലെ ഹിറ്റ് ഗാനം ‘മഞ്ചൾ വാസം’ പാടുന്നതിനിടയിൽ ജൂനിയർ ഗായിക ശ്രീനിഷയ്ക്ക് വരികൾ തെറ്റുന്നു. ഇത് മനസിലാക്കിയ ചിത്ര കൂടെ പാടി ആരുമറിയാത്ത രീതിയിൽ ആ തെറ്റ് തിരുത്തുകയും ഇടക്ക് കയറി പാടിയതിനു ക്ഷമ ചോദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

READ ALSO: മാന്ത്രിക ലോകത്തെന്ന പോലെ തലകീഴായി സഞ്ചരിക്കാം- ജർമ്മനിയിലെ വേറിട്ടൊരു ട്രെയിൻ കാഴ്ച..

ഏറെ അഭിനന്ദനങ്ങളാണ് ചിത്രയുടെ പ്രവൃത്തിയ്ക്ക് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വളരെ പെട്ടെന്നാണ് വീഡിയോ ഹിറ്റായത്. പാട്ടോളം തന്നെ മധുരം ഈ പ്രവൃത്തി എന്നാണ് പലരും കമന്റ് നൽകിയത്. ചിത്രയുടെ ചിരിപോലെ ഹൃദ്യമാണിതെന്നും ആളുകൾ അഭിനന്ദിച്ചു.

നാല് പതിറ്റാണ്ടിലേറെയായി തന്റെ മാന്ത്രിക ശബ്ദം കൊണ്ട് സാന്നിധ്യമായി മാറിയ ഗായികയാണ് കെ എസ് ചിത്ര. സംഗീതരംഗത്ത് കെ എസ് ചിത്രയെ ചുറ്റിപ്പറ്റി പണ്ടുമുതൽ നിലനിൽക്കുന്ന ഒരു തമാശയുണ്ട് ‘നരസിംഹറാവുവിനെ ചിരിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല, അതുപോലെ ചിത്രയുടെ ചിരി നിർത്താനും നിങ്ങൾക്ക് കഴിയില്ല’- അത്രക്ക് പ്രസന്നമായ മുഖവും നിറചിരിയുമായി മാത്രമേ കെ എസ് ചിത്രയെ സംഗീതാസ്വാദകർക്ക് ഓർമ്മിക്കാൻ സാധിക്കു.

Story highlights- K S Chithra viral video