എന്നും സുധിച്ചേട്ടന്‍ ചിരിപ്പിച്ചിട്ടേയുള്ളൂ, ഇത്ര വേഗം കൊണ്ടുപോകേണ്ടായിരുന്നു…’; തേങ്ങല്‍ അടക്കാനാകാതെ ലക്ഷ്മി നക്ഷത്ര

June 5, 2023

കൊല്ലം സുധിയുടെ വിയോഗ വാര്‍ത്തയോട് ഏറെ വൈകാരികമായി പ്രതികരിച്ച് ഫഌവേഴ്‌സ് സ്റ്റാര്‍ മാജിക് പരിപാടി അവതാരക ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ അപകട മരണത്തിന്റെ വാര്‍ത്ത ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് ലക്ഷ്മി നക്ഷത്ര ട്വന്റിഫോറിനോട് പറഞ്ഞു. സുധിയുടെ മരണ വാര്‍ത്ത കേട്ട് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു. ‘എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടന്‍ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോള്‍ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു….’ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിക്കുമ്പോള്‍ തേങ്ങലടക്കാനാകാതെ ലക്ഷ്മിയുടെ വാക്കുകള്‍ മുറിഞ്ഞുപോയിരുന്നു.

ഹാസ്യരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുധി സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരു കുടുംബമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ മാജിക് താരങ്ങള്‍ സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് മുന്നില്‍ തളര്‍ന്ന് നില്‍ക്കുകയാണ്. ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമാകുകയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി തുടങ്ങുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ ഈ കലാകാരന്‍ വിടപറയുന്നത് സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് ഉള്‍പ്പെടെയുള്ള സ്വപ്‌നങ്ങള്‍ ബാക്കി വച്ചാണ്.

വടകരയില്‍ ട്വന്റിഫോര്‍ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു കൊല്ലം സുധിയുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Story highlights- lakshmi nKshathra about kollam sudhi