“കാഴ്ച്ചയുടെ വസന്തം”; വെള്ളത്തിന്‌ മുകളിലൂടെ ഒഴുകി നടക്കുന്ന ഗ്രാമങ്ങള്‍

July 13, 2023

ലോകമെങ്ങും നാഗരികതകൾ ഉത്ഭവിച്ചതും വികസിച്ചതും ജലാശയങ്ങള്‍ക്ക് ചുറ്റുമാണെന്ന് ചരിത്രം പറയുന്നു. കുടിവെള്ളം, വിളകളുടെ ജലസേചനം തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റേണ്ടിയിരുന്നതിനാല്‍ നദികള്‍ക്ക് ചുറ്റുമായി ജീവിക്കേണ്ടത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജനതയുടെ ആവശ്യമായിരുന്നു. എന്തിനേറെ, വാണിജ്യ സാധ്യതയും സുസ്ഥിരതയും ഉള്ള ജലാശയങ്ങൾക്ക് സമീപം നഗരങ്ങളും താമസ കേന്ദ്രങ്ങളും ഉയർന്നു വരുന്നത് ആധുനിക കാലങ്ങളിൽ പോലും കാണാനാവുന്ന കാഴ്ചയാണ്. (Floating Villages)

ജലാശയങ്ങള്‍ക്ക് ചുറ്റുമുള്ള കരഭാഗത്ത് വസിക്കുന്നതിനു പുറമേ, വെള്ളത്തിൽ വസിക്കുന്ന കമ്മ്യൂണിറ്റികളെയും ലോകമെമ്പാടും പലയിടങ്ങളിലും കാണാം. ഉൾനാടൻ ജലാശയങ്ങളുടെ ഉപരിതലത്തിലുള്ള ഈ വാസസ്ഥലങ്ങൾ ഫ്ലോട്ടിങ് വില്ലേജുകൾ അല്ലെങ്കിൽ ബോട്ട് കമ്മ്യൂണിറ്റികൾ എന്നറിയപ്പെടുന്നു. ലോകത്തിന്‍റെ വിവിധ കോണുകളില്‍ വംശീയവും തൊഴിൽപരവുമായ കാരണങ്ങളാൽ വികസിപ്പിക്കപ്പെട്ട ഇത്തരം ഫ്ലോട്ടിംഗ് വില്ലേജുകളില്‍ പലതും ഇന്ന് ഏറെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടിയാണ്. ഇങ്ങനെ കൗതുകകരമായ ചില ഫ്ലോട്ടിംഗ് വില്ലേജുകളില്‍ ചിലത് പരിചയപ്പെടാം.

മോഗെന്‍, തായ്‍‍‍‍ലൻഡ്

തെക്ക് കിഴക്കൻ ഏഷ്യയ്ക്ക് ചുറ്റുമുള്ള ജലാശയങ്ങളില്‍ ബോട്ടുകളിൽ താമസിക്കുന്ന ഈ സമുദ്ര ജിപ്സികളാണ് 2005 ലെ സുനാമിക്കുശേഷമാണ് ഇവര്‍ ആദ്യമായി ലോകത്തിന്‍റെ ശ്രദ്ധയിൽ പെടുന്നത്. നാടോടികളായ ഈ സമൂഹം ബർമ, തായ്ലൻഡ്, മലേഷ്യ, ബോർണിയോ എന്നിവിടങ്ങളിലുള്ള ജലാശയങ്ങളിലാണ് വസിക്കുന്നത്. അതുല്യമായ ആചാരങ്ങളും പാരമ്പര്യങ്ങളും മാത്രമല്ല, ഇവരുടെ ഭാഷയും വ്യത്യസ്തമാണ്. ബോട്ടുകളിൽ തികച്ചും ലളിതമായ ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ.

ഇന്തോനേഷ്യയിലാണ് ഇക്കൂട്ടര്‍ ആദ്യമായി ഉണ്ടായതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഇന്ത്യയാണ് ഇവരുടെ ഉത്ഭവസ്ഥാനമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഇക്കൂട്ടര്‍ക്ക് പൗരത്വം നൽകാനുള്ള തായ് ഗവൺമെന്റിന്‍റെ ശ്രമത്തിന്‍റെ ഭാഗമായി, ഈ സമൂഹത്തിന്‍റെ പേര് ഔദ്യോഗികമായി തായ് മായ് എന്നാക്കി മാറ്റിയിരുന്നു.

Read Also: ശരീരഭാരം കുറയ്ക്കാനും ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾക്കും ബെസ്റ്റാണ് കടുക്!

ടോണ്‍ലി സാപ്, കംബോഡിയ

കംബോഡിയയിലെ ശുദ്ധജല തടാകങ്ങളിലൊന്നായ ടോൺലി സാപ്പിൽ നിരവധി ഫ്ലോട്ടിംഗ് വില്ലേജുകളുണ്ട്. ഓരോ സീസണിലും തടാകത്തിന്‍റെ വലുപ്പത്തിലുണ്ടാകുന്ന മാറ്റത്തിനനുസൃതമായി ഇവയുടെ എണ്ണവും വ്യത്യാസപ്പെടാം.

മഴക്കാലത്ത് ഏകദേശം 31,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതി കണക്കാക്കുന്ന ഈ തടാകം ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായും ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല വെള്ളപ്പൊക്ക പ്രദേശമായും കണക്കാക്കപ്പെടുന്നു. തടാകത്തിന്‍റെ ഉയർന്ന പ്രദേശങ്ങളില്‍ 170 ഓളം ഫ്ലോട്ടിംഗ് വില്ലേജുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1997 ൽ ഐക്യരാഷ്ട്രസഭയുടെ ബയോസ്ഫിയർ പട്ടികയിൽ തടാകം ഇടം നേടിയിരുന്നു.

ഡേ-അസന്‍, ഫിലിപ്പീൻസ്

ഫിലിപ്പൈൻസിലെ സുരിഗാവോ സിറ്റിയിലാണ് ഡേ-അസൻ ഫ്ലോട്ടിംഗ് വില്ലേജ്. ജലാശയങ്ങള്‍ക്ക് മുകളില്‍ മരക്കാലുകളില്‍ പൊങ്ങി നില്‍ക്കുന്ന വീടുകള്‍ ഇവിടെ സാധാരണമാണ്. ഫിലിപ്പൈൻസിലെ ഒരു പ്രധാന മത്സ്യബന്ധന ഗ്രാമമായ ഇവിടെ ഏകദേശം 1, 800 ആളുകൾ താമസിക്കുന്നു എന്നാണു കണക്ക്.

‘സുരിഗാവോ നഗരത്തിലെ ലിറ്റിൽ വെനീസ്’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആഴം കുറഞ്ഞ വെള്ളത്തിൽ തടി ഉറപ്പിച്ച്, അതിനു മുകളിലായോ പാറക്കൂട്ടങ്ങളിലോ വീടുകൾ നിർമ്മിക്കുന്നത് ഇവിടെ സാധാരണയാണ്. വീടുകള്‍ക്ക് പുറമേ, പൊതുയോഗങ്ങൾക്കായി പുരോക് സെന്‍ററുകൾ എന്നറിയപ്പെടുന്ന വില്ലേജ് മീറ്റിംഗ് ഹൌസുകളും ഗ്രാമത്തിലുണ്ട്.

യുറോസ്, പെറു

ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ ടിറ്റിക്കാക്ക തടാകത്തിലാണ് യുറോസ് ജനത വസിക്കുന്നത്. വെള്ളത്തിന്‌ മുകളില്‍ സ്വന്തമായി ഒഴുകും ദ്വീപുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ജീവിക്കുന്നത്. ഈ പ്രദേശത്ത് മാത്രം ലഭ്യമായതും ടോട്ടോറ എന്നറിയപ്പെടുന്നതുമായ ഒരു പ്രത്യേക തരം ജലസസ്യം ഉപയോഗിച്ചാണ് ഇവര്‍ ചെറിയ ദ്വീപുകള്‍ ഉണ്ടാക്കുന്നത്. പരമ്പരാഗത ജീവിതശൈലി പിന്തുടരുന്ന ഇവരുടെ വീടുകളില്‍ ടെലിവിഷനുകൾ, റേഡിയോകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളും കാണാം.

ഇൻകകൾ ഈ പ്രദേശങ്ങൾ കീഴടക്കുന്നതിനു വളരെ മുമ്പുതന്നെ യൂറോസ് സമൂഹം ഉത്ഭവിച്ചതായി കണക്കാക്കപ്പെടുന്നു, ഇൻകകളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് യൂറോസ് ജനത ഈ ജീവിതശൈലി തിരഞ്ഞെടുക്കാൻ നിർബന്ധിതരായതെന്നും വിശ്വസിക്കപ്പെടുന്നു. മത്സ്യബന്ധനം, ടൂറിസം എന്നിവയാണ് ഇവരുടെ ഇന്നത്തെ പ്രധാന ജീവിതമാർഗം.

Story highlights- Floating Villages