“ഇത്തിരി അപകടം പിടിച്ച പരിപാടിയാണ്”; ലോകത്തിലെ ഏറ്റവും അപകടകരമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ

July 18, 2023

ഉയരങ്ങൾ കീഴടക്കാൻ അത്യാവശ്യം റിസ്ക് എടുത്തേ മതിയാകു. ജീവിതത്തിലാണെങ്കിലും യാത്രയിലാണെങ്കിലും. ലോകത്തിലെ ഏറ്റവും അപകടകരമായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം. ആദ്യമേ പറയട്ടെ ധൈര്യം ഉള്ളവർ മാത്രം ഇങ്ങോട്ട് പോയാൽ മതി. കാരണം സംഭവം ഇത്തിരി അപകടം പിടിച്ച പരിപാടിയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇത് അടിപൊളി അനുഭവം തന്നെയായിരിക്കും.

ചൈനയിലെ ഹാങ്ങിങ് ടെമ്പിൾ

ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഹെംഗ് പർവതത്തിനടുത്തുള്ള മലഞ്ചെരുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രം തടി തൂണുകളില്ലാതെയാണ് നിർമ്മിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ മലഞ്ചെരുവിൽ ഇത് തൂങ്ങി കിടക്കുകയാണെന്നെ തോന്നുകയുള്ളൂ.

ചൈനയിലെ പവിത്രമായ മലനിരകളിലൊന്നായ ഇവിടം ചുവന്ന ചുവരുകളോടെ കൂടിയാണ് നിർമിച്ചിരിക്കുന്നത്. 40 മുറികളാണ് ഇതിനകത്തുള്ളത്. ഈ ക്ഷേത്രത്തിനകത്ത് മതപ്രതിമകളുടെ ഒരു മികച്ച ശേഖരം തന്നെയുണ്ട്. ബുദ്ധമതം, താവോയിസം, കൺഫ്യൂഷ്യനിസം എന്നീ മൂന്ന് മതങ്ങളെ ഉൾക്കൊള്ളുന്ന ഒരേയൊരു മഠം ആണിത്.

കാറ്റ്സ്കി പില്ലർ

130 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പില്ലർ ജോർജിയയുടെ തലസ്ഥാന നഗരമായ ടിബിലിസിക്ക് 200 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്തംഭത്തിനു മുകളിൽ ഉള്ള പള്ളി ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലാണ് ഈ സ്തംഭം നിർമിച്ചതെന്ന് പറയപെടുന്നു.

ഓരോ ദിവസവും പ്രാർത്ഥനയ്ക്കായി താഴെ താമസിക്കുന്ന സന്യാസിമാർ പാറയുടെ വശങ്ങളിലൂടെ പിടിപ്പിച്ചിരിക്കുന്ന നേർത്ത ലോഹ ഗോവണിയിലൂടെ മുകളിലേക്ക് കയറും. താഴത്തെ നിലയിലെ അലങ്കാര കലയും മതപരമായ പുരാവസ്തുക്കളും കൊണ്ട് അലങ്കരിച്ച ഒരു ചെറിയ ചാപ്പലായ സിമിയോൺ സ്റ്റൈലൈറ്റ് ചർച്ച് സന്ദർശകർക്ക് പ്രാർത്ഥിക്കാനായി തുറന്നുകൊടുത്തിട്ടുണ്ട്.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

മെറ്റിയോറ, ഗ്രീസ്

ഗ്രീസിലെ മെറ്റിയോറ വളരെ ആകർഷണീയമായ ഇടമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ആറ് മൊണാസ്ട്രികള്‍ ചേര്‍ന്ന അദ്ഭുതമാണ് ഗ്രീസിലെ മെറ്റിയോറ മൊണാസ്ട്രി. ഗ്രീക്കിൽ ഈ പേരിനർത്ഥം തന്നെ വായുവില്‍ തൂക്കിയിട്ടിരിക്കുന്ന എന്നാണ്.

പാറ കൊണ്ടുള്ള തൂണുകള്‍ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ മോണാസ്ട്രികളിലേക്കുള്ള വഴി ഏറ്റവും അപകടം പിടിച്ച ഒന്നാണ്. ചെറിയ കയറുകളാൽ നിർമിച്ച കുത്തനെയുള്ള ചവിട്ടുപടികളാണ് ഇവിടേക്ക് എത്തിച്ചേരാനുള്ള ഏകമാർഗം.

ദി സ്വാലോസ് നെസ്റ്റ്, ഉക്രെയ്ൻ

സ്വാലോസ് നെസ്റ്റ് അല്ലെങ്കിൽ ലവ് നെസ്റ്റ് എന്നത് ഗാസ്പ്രയിലെ ക്രിംസൺ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ്. 1911 ൽ നിർമിച്ച ഈ കോട്ട ഭൂകമ്പത്തെപോലും അതിജീവിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വിനോദ സഞ്ചാരികൾക്ക് വേണ്ടി തുറന്നുകൊടുത്തിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്.

സെന്റ്-മൈക്കൽ ഡി അയിഗിൽഹെ, ഫ്രാൻസ്

തെക്കൻ ഫ്രാൻസിലെ സെന്റ്-മൈക്കൽ ഡി അയിഗിൽഹെ ചാപ്പൽ സ്ഥിതി ചെയ്യുന്നത്. 280 അടി ഉയരമുള്ള അഗ്നിപർവ്വത ദ്വാരത്തിലാണ് ഈ ചാപ്പൽ നിൽക്കുന്നത്. ചാപ്പലിൽ എത്തിച്ചേരാനായി പാറയിൽ കൊത്തിയെടുത്ത 268 പടികൾ കയറണം. ആയിരത്തിലധികം വർഷം പഴക്കമുള്ള ഈ ചാപ്പൽ ഒരു തീർത്ഥാടനകേന്ദ്രമായാണ് അറിയപ്പെടുന്നത്.

Story Highlights: most dangerous tourist places