പ്രതീക്ഷയോടെ നോളൻ ആരാധകർ; ഓപ്പൺഹൈമറിന് അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം
ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ഓപ്പൺഹൈമർ’ തിയേറ്ററുകളിലേക്ക്. വമ്പൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഓപ്പൺഹൈമറിന്റെ വരവിനെ ആഘോഷമാക്കുകയാണ് നോളൻ ഫാൻസും. ആദ്യദിനത്തിൽ തന്നെ വലിയ കളക്ഷനാണ് പ്രതീക്ഷിക്കുന്നത്.
ലോകമെമ്പാടും 10 കോടിയിലേറെ ആളുകൾ ചിത്രം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3 ലക്ഷം ടിക്കറ്റുകളാണ് ഇന്ത്യയിൽ ഇതുവരെ ബുക്ക് മൈ ഷോ ആപ്പുവഴി വിറ്റുപോയെന്നും അതിൽ 42 ശതമാനം ടിക്കറ്റുകളും ഐമാക്സിനു വേണ്ടിയാണെന്നും ഫിലിം ട്രേഡ് അനലിസ്റ്റായ രമേഷ് ബാല പറയുന്നു.
ചിത്രീകരണത്തിലും മേക്കിങ്ങിലും ഏറെ പുതുമയിൽ അവതരിപ്പിക്കുന്ന ഓപ്പൺഹൈമർ ഐമാക്സ് ഫിലിം ക്യാമറകളും 65 എംഎം ലാർജ് ഫോർമാറ്റ് ഫിലിമും ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ സിനിമ കിടിലൻ IMAX അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഒരു നോളൻ ഫിലിം ഫെസ്റ്റിവൽ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ് പിവിആർ കൊച്ചി.
Read Also: കേരളത്തിൽ ചൂട് കൂടുന്നു, ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത-മുന്നറിയിപ്പ്
ദി ഡാർക്ക് നൈറ്റ്, ഇൻസെപ്ഷൻ തുടങ്ങിയ നോളന്റെ പ്രശസ്ത ചിത്രങ്ങളാണ് ഇവിടെ റി-റിലീസ് ചെയ്തിരിക്കുന്നത്. രണ്ടു ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും പിവിആർ പ്രതിനിധികൾ പറയുന്നു.
ആറ്റം ബോബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജനായ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ കഥയാണ് ചിത്രം പറയുന്നത്. സിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൺ ഹൈമർ ആയി എത്തുന്നത്. ഓപ്പൺഹൈമറിന്റെ ജീവിതം സിനിമയാകുന്നു എന്ന വാർത്ത പ്രഖ്യാപിക്കപ്പെട്ടതു മുതൽ ചിത്രം ആഗോളതലത്തിൽ വാർത്താപ്രാധാന്യം നേടിയിരുന്നു.
christopher-nolan-oppenheimer-set-for-a-massive-opening-in-india