വിന്റേജ് ചാക്കോച്ചന്റെ തിരിച്ചുവരവ്; മൂന്ന് നായികമാരുമായി ‘പദ്മിനി’
രമേശൻ എന്ന മുപ്പത്തിരണ്ടുകാരന്റെ വിവാഹവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘പദ്മിനി’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യരാത്രിയിൽ ഭാര്യ സ്മൃതി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് മാനസികമായി തളർന്ന രമേശൻ, പിന്നീട് അവിചാരിതമായി പദ്മിനി എന്ന പെൺകുട്ടിയെ കണ്ടുമുട്ടുകയും അവളുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. പദ്മിനിയെ വിവാഹം ചെയ്യാനായി രമേശൻ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.
‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആൾട്ടോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം നിർവ്വഹിച്ച സിനിമയാണ് ‘പദ്മിനി’. ദീപു പ്രദീപ് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൽ രമേശന്റെ ആദ്യഭാര്യ സ്മൃതിയായി വിൻസിയെത്തുമ്പോൾ പദ്മിനിയായി വേഷമിട്ടിരിക്കന്നത് മഡോണ സെബാസ്റ്റ്യനാണ്. അപർണ ബാലമുരളി അവതരിപ്പിച്ച ശ്രീദേവിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം. ശ്രീദേവി ഒരു അഭിഭാഷകയാണ്. ‘കുഞ്ഞിരാമായണം’, ‘എബി’, ‘കൽക്കി’, ‘കുഞ്ഞെൽദോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘ലിറ്റിൽ ബിഗ് ഫിലിംസി’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സെന്ന ഹെഗ്ഡെ ചിത്രങ്ങളിൽ പൊതുവെ കാണാറുള്ള പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റുകൾ പദ്മിനിയിൽ അത്രകണ്ട് ഇല്ല എന്നാലും പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുണ്ട്. വിവാഹം ചെയ്യാനുള്ള പ്രായം, ടോക്സിക് റിലേഷൻഷിപ്, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കുന്ന സമൂഹം, എന്നിവ കോമഡി രൂപേണയെന്നോണം പദ്മിനിയിൽ അടയാളപ്പെടുത്തുന്നുണ്ട്. നർമ്മത്തിനപ്പുറം പ്രണയമാണ് ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. മലയാളികളുടെ വിന്റേജ് ചാക്കോച്ചനെയാണ് ‘പദ്മിനി’യിൽ കാണാൻ സാധിക്കുന്നത്. സീരീയസ് റോളുകളിലേക്ക് കുഞ്ചാക്കോ ബോബൻ മാറുന്നു എന്ന പ്രേക്ഷകരുടെ പരാതി എന്തായാലും ‘പദ്മിനി’ കാണുന്നതോടെ മാറികിട്ടും.
Read Also: ശരീരഭാരം കുറയ്ക്കാനും ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾക്കും ബെസ്റ്റാണ് കടുക്!
ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് മനു ആന്റണിയാണ്. ഇമോഷണൽ രംഗങ്ങളിൽ കഥാപാത്രങ്ങളുടെ വികാരങ്ങൾ പക്വതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പശ്ചാത്തല സംഗീതത്തിന് സാധിച്ചു എന്നതാണ് ‘പദ്മിനി’യിൽ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ജേക്സ് ബിജോയിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം ജൂലൈ 21 മുതലും പ്രദർശനത്തിനെത്തും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Story highlights- Padmini movie review