കെട്ടുറപ്പുള്ള തിരക്കഥയും മനം കവരുന്ന രം​ഗങ്ങളും; ‘പദ്മിനി’ പ്രേക്ഷകപ്രീതി നേടുന്നു

July 19, 2023

‘തിങ്കളാഴ്ച നിശ്ചയം’, ‘1744 വൈറ്റ് ആൾട്ടോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘പദ്മിനി’ തിയറ്ററുകളിൽ ​വിജയയാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ദീപു പ്രദീപ് തിരക്കഥ ഒരുക്കിയ ചിത്രം ‘കുഞ്ഞിരാമായണം’, ‘എബി’, ‘കൽക്കി’, ‘കുഞ്ഞെൽദോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലർ കണ്ടവർ ‘പദ്മിനി’ ഒരു റൊമാന്‌‍റിക്-കോമഡി-ഫാമിലി എന്റർടെയ്നർ സിനിമയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ സിനിമ കണ്ടവർക്ക് അതങ്ങനെയല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടാവും.

രമേശൻ എന്ന മുപ്പത്തിരണ്ടുകാരനെയും അയാളുടെ മാനസ്സികസങ്കർഷങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയാണ്, മാറിമറയുന്ന മനുഷ്യ വികാരങ്ങളാണ്, പല നിറങ്ങളിലുള്ള പ്രണയങ്ങളാണ്, ഇരുട്ടിന്റെ കാഠിന്യമുള്ള ഏകാന്തതയാണ്, ഇത്തരത്തിൽ ഒരുപാട് ഘടകങ്ങൾ കോർത്തിണക്കിയ ഒരു സിനിമയാണ് ‘പദ്മിനി’. കാണുന്ന പ്രേക്ഷകർക്ക് തന്റെ ജീവിതത്തോട് ചേർത്തുവെക്കാവുന്ന ഏടുകൾ സിനിമയിൽ കാണാൻ സാധിക്കുന്നുവെങ്കിൽ അത് ‘പദ്മിനി’യുടെ വിജയമാണ്. കുഞ്ചാക്കോ ബോബൻ നായക കഥാപാത്രത്തെയും അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരുമായി എത്തിയ ചിത്രം ജൂലൈ 14 നാണ് റിലീസ് ചെയ്തത്.

വിവാഹപ്രായം, ടോക്സിക് റിലേഷൻഷിപ്പ്, സമൂഹത്തിന്റെ കാഴ്ചപ്പാട്, തുടങ്ങിയ വിഷയങ്ങളാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നത്. സമൂഹത്തിന്റെ പൊതുവെയുള്ള കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ ആർക്കും സാധിക്കില്ലെങ്കിലും സ്വന്തം സ്വഭാവത്തിലുണ്ടാവുന്ന വേലിയേറ്റങ്ങളെ നിയന്ത്രിക്കാൻ ഒരുപക്ഷെ നമുക്ക് സാധിച്ചേക്കും. ‘പദ്മിനി’ കാണുന്നതോടെ ചെറിയ മാറ്റങ്ങൾ കൈവരിക്കാൻ പ്രേക്ഷകർ ആ​ഗ്രഹിക്കും.

Read Also: ശരീരഭാരം കുറയ്ക്കാനും ഉറക്ക സംബന്ധിയായ പ്രശ്നങ്ങൾക്കും ബെസ്റ്റാണ് കടുക്!

പ്രണയത്തോടൊപ്പം നർമ്മം കലർന്ന ഒരു സിനിമ കൂടെയാണ് ‘പദ്മിനി’. മനോഹരമായ ഫ്രെയിമുകളുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. മനു ആന്റണിയുടെതാണ് എഡിറ്റിംങ്. ഇമോഷണൽ രംഗങ്ങളിൽ കഥാപാത്രങ്ങളുടെ വികാരങ്ങൾ പക്വതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതത്തിന് സാധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജൂലൈ 21 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: വിഷ്ണു ദേവ്, ശങ്കർ ലോഹിതാക്ഷൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം: സെൻട്രൽ പിക്ചേഴ്സ് റിലീസ്, മാർക്കറ്റിങ് ഡിസൈൻ: പപ്പറ്റ് മീഡിയ, പി.ആർ & ഡിജിറ്റൽ മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: എ എസ് ദിനേശ്.

Story highlights- Padmini movie review