‘കർഷകർക്കൊപ്പം ചുവടുകൾ വെച്ച് സോണിയ ​ഗാന്ധി’; ശ്രദ്ധനേടി വിഡിയോ

July 17, 2023

കർഷകർക്കൊപ്പം നൃത്തച്ചുവടുകൾ വെക്കുന്ന സോണിയ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നനത്. ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി നൃത്തം ചെയ്യുന്നത്. വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി. ജൂലൈ എട്ടിന് ഹരിയാനയിലെ സോനിപത്തിൽ ​രാഹുൽ ​ഗാന്ധി സന്ദർശിച്ച അതേ ​ഗ്രാമത്തിലെ കർഷകരാണ് സോണിയയുമായി നൃത്തം ചെയ്യുന്നത്.

സന്ദർശനവേളയിൽ രാഹുൽ ​ഗാന്ധിയുടെ ഡൽഹിയിലെ വീട് കാണണമെന്ന് കർഷകർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയ ​ഗാന്ധി വനിതാ കർഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു.

Read Also: ജൂൺ മാസത്തിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനം മാത്രം 201 കോടിയിലധികം രൂപ; കണക്ക് ട്വൻ്റിഫോറിന്

സോണിയാ ​ഗാന്ധി തന്റെ വസതിയിൽ വെച്ച് കർഷകരുമായി നടത്തിയ സംഭാഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിന്റെയും വിഡിയോ പങ്കുവെച്ചത് കോൺ​ഗ്രസ് പ്രവർത്തക രുചിത ചതുർവേദിയാണ്. ഹരിയാനയിലെ സോനിപത് ​ഗ്രാമത്തിലെത്തിയ രാഹുൽ ​ഗാന്ധി കർഷകർക്കൊപ്പം ട്രാക്ട‌റോടിച്ചും വിത്ത് വിതച്ചുമാണ് സമയം ചിലവിട്ടത്.

അപ്രതീക്ഷിതമായി സന്ദർശനം നടത്തിയ രാഹുൽ ​ഗാന്ധി ​ഗ്രാമവാസികളുമായും കർഷകരുമായും സംവദിച്ചു. ഡൽഹിയിൽ നിന്ന് ഹിമാചൽ പ്രദേശിലേക്കുള്ള യാത്രക്കിടെയാണ് രാഹുൽ ​ഗാന്ധി സോനിപത് ​ഗ്രാമത്തിലെത്തിയത്.

Story Highlights: Sonia Gandhi Dances with Women Farmers from Haryana