മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയ; ഹൃദ്യമായ വിഡിയോ

July 22, 2023

2022 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന സിനിമയിലെ പ്രകടനത്തിനാണ് തന്മയയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. അവാർഡ് ലഭിച്ച സന്തോഷത്തിൽ മറ്റു താരങ്ങളെല്ലാം മാധ്യമങ്ങളിൽ സജീവമായപ്പോൾ തന്മയ മാത്രം ഇതൊന്നുമറിഞ്ഞിരുന്നില്ല.

പുരസ്കാരം ലഭിച്ച വിവരമറിയാതെ സ്കൂളിൽനിന്ന് വരുന്ന വഴിക്ക് ഇക്കാര്യം അറിയിച്ചപ്പോൾ തന്മയയുടെ പ്രതികരണം കണ്ടപ്പോൾ കണ്ണുനിറഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇത്തവണത്തെ മികച്ച ബാലതാരം(പെൺകുട്ടി) – യ്ക്കുള്ള പുരസ്കാരം ലഭിച്ചത് പട്ടം ഗേൾസ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി തന്മയയ്ക്കാണ്. സർക്കാർ വിദ്യാലയം ഏറെ അഭിമാനമെന്നും തന്മയയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ

അരക്ഷിതവും സംഘർഷഭരിതവുമായ ​ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടനമികവിന് അഭിനന്ദനങ്ങൾ എന്നാണ് അവാർഡ് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ പറഞ്ഞത് . 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ചേർന്നതാണ് പുരസ്കാരം.

Story Highlights: Video of Tanmaya Goes Viral V Sivankutty