ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു; ഏറെ സന്തോഷമെന്ന് വിന്‍സി

July 21, 2023

2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മുട്ടിയും നടിയായി വിന്‍സി അലോഷ്യസും തെരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറെ ആഗ്രഹിച്ച് ലഭിച്ചതാണെന്നും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്നും വിന്‍സി അലോഷ്യസ് പ്രതികരിച്ചു. പുരസ്‌കാരം അപ്രതീക്ഷിതമല്ല. ഓരോ റൗണ്ടിലും താനും എന്റെ ചിത്രമായ രേഖയും ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. സിനിമയിലേക്ക് കൈപിടിച്ചുയത്തിയ സംവിധായകന്‍ ലാല്‍ ജോസിനോടും രേഖയിലെ ടീമിനോടും നന്ദി പറയുന്നുവെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

‘രേഖ എന്ന ചിത്രം എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ആദ്യം വളരെ സംശയമുണ്ടായിരുന്നു. ഞാനും സുഹൃത്തുക്കളും കുറേ സങ്കടപ്പെട്ടിട്ടുണ്ട്. ഈ അവാര്‍ഡോടെ രേഖയെ എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ വളരെ സന്തോഷം. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. എടുത്തുപറയേണ്ട പേര് ലാല്‍ ജോസ് സാറിന്റേതാണ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ലാല്‍ ജോസ് സാറാണ് എന്നെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. പുരസ്‌കാരം ഏറെ ആഗ്രഹിച്ചിരുന്നുവെന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

ലിജോ ജോസ് പല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടന്‍. നന്‍പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം. അറിയിപ്പ് എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണന് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചു. ന്നാ താന്‍ കേസ് കൊട് ആണ് മികച്ച ജനപ്രിയ ചിത്രം. ജിജോ ആന്റണിയുടെ അടിത്തട്ട് ആണ് മികച്ച രണ്ടാമത്തെ ചിത്രം. നടന്‍ കുഞ്ചാക്കോ ബോബനും അലന്‍സിയറിനും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. സൗദി വെള്ളക്കയിലൂടെ ദേവി വര്‍മ മികച്ച സ്വഭാവ നടിയായും ന്നാ താന്‍ കേസ് കൊട് ചിത്രത്തിലൂടെ പി പി കുഞ്ഞികൃഷ്ണന്‍ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights: Vincy Aloshious first reponse after receiving State Film awards 2022