ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സൂറത്തിൽ

July 20, 2023

വജ്രങ്ങൾക്ക് പേരുകേട്ട സൂറത്തിന് ഇനി ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം സ്വന്തം. വജ്രവ്യവസായത്തിനായി പുതിയതായി തുറന്ന സൂറത്ത് ഡയമണ്ട് ബോഴ്സ് എന്ന കെട്ടിടമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിലെ പെന്റഗൺ ആയിരുന്നു ഇതിനുമുമ്പ് ഈ പദവി സ്വന്തമാക്കിയിരിക്കുന്നത്.

വജ്രവ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 65,000ലേറെ പ്രൊഫഷനലുകൾക്കുള്ള ഒരുമിച്ച് ഒരുകുടകീഴിൽ എന്ന നിലയിലാണ് ഓഫിസ് തുറന്നിരിക്കുന്നത്. ഇതിൽ കട്ടർമാർ, പോളിഷ് ചെയ്യുന്നവർ, വ്യാപാരികൾ തുടങ്ങി എല്ലാവരും ഉൾപ്പെടും.

35 ഏക്കർ സ്ഥലത്ത് 15 നിലകളിലായി 7.1 മില്യൻ ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓഫിസ് കെട്ടിടം പണിതിരിക്കുന്നത്. ഒരു പ്രധാന കോറിഡോർ വഴി ബന്ധപ്പെട്ടു കിടക്കുന്ന ദീർഘചതുരാകൃതിയിലുള്ള ഒൻപത് ഭാഗങ്ങളാണ് കെട്ടിടത്തിന് ഉള്ളത്. നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച കെട്ടിട നിർമ്മാണം കോവിഡ് വ്യാപനം മൂലം ഇടയ്ക്കുവച്ച് നിർത്തിവെച്ചിരുന്നു.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

4700 ഓഫിസ് സ്പേസുകളാണ് കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറുതും വലുതുമായ വ്യാപാരങ്ങൾക്കുള്ള ഇടം ഇവിടെ ഒരുക്കുന്നുണ്ട്. 3183 കോടി രൂപയാണ് ഓഫിസ് സമുച്ചയത്തിന്റെ നിർമ്മാണ ചെലവ്. 131 എലവേറ്ററുകൾ കെട്ടിടത്തിൽ ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് നിർമിക്കണമെന്ന പദ്ധതിയിലല്ല കെട്ടിടം നിർമ്മിച്ചിരുന്നത്. എന്നാൽ വജ്ര വ്യാപാരസ്ഥാപനങ്ങൾ ഓഫിസ് സ്പേസുകൾ സ്വന്തമാക്കിയതിനാൽ ആവശ്യത്തിനൊത്ത് ഇത്രയും വലുപ്പത്തിൽ തന്നെ നിർമിക്കേണ്ടി വരികയായിരുന്നു.

Story highlights – Worlds Largest Office Building in Surat