ഷാറുഖ് ഖാനും വിജയ് സേതുപതിയും നേർക്കുനേർ; ജവാൻ ട്രെയിലർ

പഠാന് ശേഷം അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ‘ജവാൻ.’ തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്. വിജയ് സേതുപതി, നയൻതാര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെ കാണാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്ലറും ഇറങ്ങിയിരിക്കുകയാണ്. (Jawan trailer out)
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രം സെപ്റ്റംബർ ഏഴിന് റിലീസ് ചെയ്യും. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നതിലുള്ള സന്തോഷം അനിരുദ്ധ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നു.
ബാദ്ഷാക്ക് വേണ്ടി സംഗീതം ഒരുക്കുകയാണ്. അറ്റ്ലിക്ക് നന്ദി, അഭിമാനിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള ചിത്രമായിരിക്കും’ അനിരുദ്ധ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റിൽ അനിരുദ്ധ് ഷാരൂഖ് ഖാനെയും സംവിധായകൻ അറ്റ്ലിയെയും ടാഗ് ചെയ്തിരുന്നു.
അതേസമയം, നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജവാൻ. ആറ്റ്ലിയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻതാര അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് പുറമെ പ്രിയ മണിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Story highlights- Jawan trailer out