‘’കയ്യടിക്കെടാ, ഇടവേളയ്ക്ക് ശേഷം സ്ക്രീനിലേക്ക് തിരിച്ചുവന്ന് മഹേഷ് കുഞ്ഞുമോന്‍ ’; ഗംഭീര വരവേൽപ്പ് നൽകി ആരാധകർ!

August 30, 2023

കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും പരിക്കേറ്റിരുന്നു.ഇരുവരും ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. അപ്രതീക്ഷിത അപകടത്തിലൂടെ കുറച്ച് കാലമായി വിശ്രമത്തിലായിരുന്ന മഹേഷ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് സ്ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. (Mahesh kunjumon video after an interval mimicry)

ജയിലര്‍ സിനിമയിലെ വിനായകന്റെ ശബ്ദാനുകരണവുമായാണ് താരം തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. മഹേഷിന്റെ അപ്രതീക്ഷിതമായ വരവും പകരക്കാരനില്ലാത്ത അനുകരണവും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്തായാലും മൂന്ന് മാസത്തോളമായ ഇടവേളയ്ക്ക് ശേഷം യൂട്യൂബില്‍ മടങ്ങിയെത്തിയ മഹേഷിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കുന്നത്.

Read also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

അനുകരണകലയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ. രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചുകഴിഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു.

മിമിക്രി കലാകാരന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. മാസ്റ്റർ സിനിമയുടെ മലയാളം പതിപ്പിൽ വിജയ് സേതുപതിയ്ക്ക് ശബ്ദം നൽകിയതും മഹേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം കോൾഡ് കേസിലാണ് അവസാനമായി മഹേഷ് ഡബ്ബ് ചെയ്തത്. അന്തരിച്ച ചലച്ചിത്രതാരം അനിൽ നെടുമങ്ങാടിന് ചിത്രത്തിൽ ശബ്ദം നൽകിയത് മഹേഷാണ്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് മരണത്തിന് കീഴടങ്ങിയത്.

Story Highlights: Mahesh kunjumon video after an interval mimicry