“ആർടിഓ യെ കാണണം.. എന്താ മക്കളേ കാര്യം? ഓടിയെത്തുമ്പോൾ ഡബിൾ ബെല്ല് അടിച്ച് ബസ് വിടും”; പരാതിയുമായി കുട്ടികൾ, ഉടനെ നടപടി

October 14, 2023

വിദ്യാർത്ഥികളെ കയറ്റാതെ ബസ് വിടുന്നത് പണ്ട് കാലം മുതലേ ബസ് ജീവനക്കാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന പരാതിയാണ്. നിലവിൽ ഇതിൽ ചെറിയ മാറ്റമെല്ലാം വന്നുവെങ്കിലും ഇപ്പോഴും വിദ്യാർത്ഥികളെ അവജ്ഞയോടെ നോക്കിക്കാണുന്ന ബസ് ജീവനക്കാരുണ്ട്. സമാന പരാതിയുമായി ഇരിട്ടി ആർടി ഓഫിസിൽ എത്തിയ കുട്ടികളെ കുറിച്ച് എംവിഡി ഓഫിസർ കിഷോർ കൈരളിയിട്ട ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. (Kishor Kairali facebook post on students complaining to RTO)

ഏഴ്, എട്ട് ക്ലാസുകളിലായി പഠിക്കുന്ന അഞ്ച് കുട്ടികളാണ് ആർടിഒയെ കാണാനായി എത്തിയത്. തങ്ങളെ കയറ്റാതെ പോകുന്ന ബസിനെ കുറിച്ച് പരാതി നൽകുകയും, ബസിന്റെ പേരും നമ്പറുമടക്കമുള്ള വിവരങ്ങൾ കൃത്യമായി നൽകുകയും ചെയ്തു കുട്ടികൾ. പിന്നാലെ വന്നു ആർടിഒയുടെ നടപടി. ഈ സംഭവമാണ് കിഷോർ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം വായിക്കാം :

ചുണക്കുട്ടികൾ
ഓർക്കുക.. അവരും നമ്മുടെ മക്കൾ..
ഇന്നലെ വൈകീട്ട് 4.15.
മൂന്നാം നിലയിലുള്ള ഇരിട്ടി ആർ ടി ഓഫീസിലേക്ക് വിയർത്തുകുളിച്ച് അവർ അഞ്ച് പേർ കയറിവന്നു… ഇരിട്ടി ഹൈസ്‌കൂളിൽ 7, 8 ക്ലാസ്സുകളിൽ പഠിക്കുന്ന 5 മക്കൾ. ‘ആർ ടി ഓ യെ കാണണം..’
എന്താ മക്കളേ കാര്യം ?
ഞങ്ങളെ കേറ്റാതെ ബസ് പോകുന്നു… ഓടി അടുത്തെത്തുമ്പോ ‘അടുത്ത ബസിന് പോ’ എന്ന് പറഞ്ഞ് സ്ഥിരമായി കിളി ഡബിൾ ബെൽ അടിക്കുന്നു… അടുത്ത ബസ് അരമണിക്കൂർ കഴിഞ്ഞേ ഉള്ളൂ…
തളർന്നു വന്ന ആ മക്കളോട് JtRTO സാജു സാർ മുന്നിലുള്ള കസേരകൾ കാട്ടി ഇരിക്കാൻ പറഞ്ഞു… അപ്പോഴേക്കും MVI Vykundan സാറും എത്തി.

നേർത്ത സങ്കോചത്തോടെ അവർ ഇരുന്നു… ആർ ടി ഓഫീസും ആർ ടി ഓ യെയും അവർ ആദ്യമായി കാണുകയാണ്. ഞങ്ങൾ കൂടെയുണ്ട് എന്നറിഞ്ഞപ്പോൾ ധൈര്യപൂർവ്വം അവരുടെ പരാതി പറഞ്ഞു… ബസ്സിന്റെ പേരും നമ്പറും എഴുതിത്തന്നു. അവരുടെ മുന്നിൽ വെച്ച് തന്നെ സാജു സാർ ബസ് ഉടമയെ വിളിച്ചു. നാളെ നിങ്ങളും ബസിലെ ഇന്നത്തെ ജീവനക്കാരും ഇവിടെ എത്തണം… ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടുവരും.
അഭിമാനത്തോടെ ആ യുവ തലമുറ പടിയിറങ്ങി… അതിലും അഭിമാനത്തോടെ ഞങ്ങൾ അവരെ യാത്രയാക്കി.

ഇന്ന് ആപ്പീസ് തുറക്കും മുൻപേ ബസ്സുടമ, മാനേജർ, ഡ്രൈവർ, കണ്ടക്ടർ, കിളി എന്നിവർ ഹാജർ…
സാർ അര മണിക്കൂർ സംസാരിച്ചപ്പോൾ അതിശയം… അവർ മനസാക്ഷിയുള്ള നല്ല മനുഷ്യരായിരിക്കുന്നു. അവർ ഓരോരുത്തരും തെറ്റ് ഏറ്റുപറഞ്ഞു. ഇനി ആവർത്തിക്കില്ല എന്ന് ആണയിട്ടു.
കുഞ്ഞുങ്ങൾ ഓടി വരുമ്പോൾ ഡബിൾ ബെൽ അടിച്ച് പൊയ്ക്കളയുന്ന നിങ്ങൾക്ക് ആ കുട്ടികളിൽ നിങ്ങളുടെ മക്കളുടെ മുഖം സങ്കൽപ്പിക്കാമോ എന്ന് ചോദിച്ചപ്പോൾ 2 കുട്ടികളുടെ അച്ഛനായ കിളിയുടെ കണ്ണുകൾ ആർദ്രമായി..
ഇത്രയേ ഉള്ളൂ സോദരന്മാരേ.. അവരിൽ നമ്മുടെ മക്കളുമുണ്ട്.. അഥവാ അവർ നമ്മുടെ മക്കൾ തന്നെയാണ്…
മറ്റുള്ളവരിൽ നമ്മളെയും നന്മയെയും കാണാൻ കഴിഞ്ഞാൽ എങ്ങനെ അവരെ ദ്രോഹിക്കാൻ കഴിയും ?
നന്മകൾ ഉണ്ടാകട്ടെ…
MVD
NB: ശിക്ഷ ഉണ്ടോന്നാവും..
ഉണ്ട്..

Story Highlights: Kishor Kairali facebook post on students complaining to RTO