“ചുരുങ്ങിയ കാലയളവിൽ സ്വന്തമാക്കിയ നേട്ടം”; 10 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടര്‍ മെട്രോ!!
കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ. കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതാണ്. (Kochi Water Metro crossed 10 lakh passengers)
സര്‍വീസ് തുടങ്ങി 6 മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ആണ് വാട്ടര്‍ മെട്രോ പത്ത് ലക്ഷം എന്ന നേട്ടം കൈവരിക്കുന്നത്. 10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് വാട്ടര്‍ മെട്രോ സര്‍പ്രൈസ് സമ്മാനവും ഒരുക്കിയിരുന്നു. കൈവരിക്കാന്‍ കഴിഞ്ഞത് അതുല്യ നേട്ടമെന്ന് മെട്രോ സി ഒ ഒ സാജന് പി ജോണ്‍ പറഞ്ഞു. കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമ്പോള്‍ ഇനിയും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകും മെന്നും മെട്രോ സി. ഒ. ഒ വ്യക്തമാക്കി.
ചിലവ് കുറഞ്ഞതും കുരുക്കിൽ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവിൽ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത്.
ഹൈക്കോർട്ട്-വൈപ്പിൻ, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ചതെങ്കിൽ കഴിഞ്ഞ മാസം മുതൽ ഹൈക്കോർട്ട്-ബോൾഗാട്ടി റൂട്ടിലേക്കും സർവീസ് ആരംഭിക്കാൻ മെട്രോയ്ക്ക് സാധിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.
Story Highlights: Kochi Water Metro crossed 10 lakh passengers