ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ‘തടവ്’
ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ ഇടം നേടി ‘തടവ്’. എഫ് ആർ പ്രൊഡക്ഷൻസിന്റെയും ബഞ്ച് ഓഫ് കോക്കനട്ട്സിന്റെയും ബാനറിൽ ഫാസിൽ റസാഖ്, പ്രമോദ് ദേവ് എന്നിവർ നിർമ്മിച്ച് ഫാസിൽ റസാഖ് എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘തടവ്'(The Sentence). നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംവിധായകൻ ഫാസിൽ റസാഖ് ട്വന്റിഫോറിനോട് പ്രതികരിച്ചു. ( ‘Tadavu’ malayalam feature film in Jio Mami Mumbai Film Festival)
ഫാസിൽ റസാഖ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തടവ്. ചിത്രം ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ അംഗീകാരമായാണ് കാണുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായാണ് തടവ് ചിത്രീകരണം നടന്നത്. ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തതിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും വളരെ സന്തോഷത്തിലാണെന്ന് ഫാസിൽ റസാഖ് പറഞ്ഞു.
Read Also: ഓൺലൈൻ തട്ടിപ്പുകൾക്കിരയായാൽ പരമാവധി 48 മണിക്കൂറിനുള്ളിൽ സഹായം തേടാം; കേരളാ പൊലീസിന്റെ ഹെൽപ്പ് ലൈൻ
സൗത്ത് ഏഷ്യയിൽ നിന്ന് മത്സര വിഭാഗത്തിലേക്ക് മാത്രമായി വന്ന 1000 ത്തിൽ അധികം എൻട്രികളിൽ നിന്ന് 14 ചിത്രങ്ങളാണ് ലിസ്റ്റിൽ ഇടം പിടിച്ചത്. മലയാളത്തിൽ നിന്നായി മത്സര വിഭാഗത്തിൽ തടവ് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഒക്ടോബർ 27 മുതൽ നവംബർ 5 വരെ മുംബൈ യിൽ വെച്ച് നടക്കുന്ന മേളയിൽ 70 ഭാഷകളിൽ നിന്നായി 250 ഇൽ അധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
പുതുമുഖങ്ങളായ ബീന ആർ ചന്ദ്രൻ, സുബ്രഹ്മണ്യൻ, അനിത എംഎൻ, വാപ്പു, ഇസ്ഹാക്ക് മുസാഫിർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. നാൽപത്തിലധികം പുതുമുഖങ്ങൾ അഭിനയിച്ച ഈ ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത് പാലക്കാട് പട്ടാമ്പിക്കടുത്തുള്ള പ്രദേശങ്ങളിലാണ്.
ഛായാഗ്രഹണം മൃദുൽ എസ്, എഡിറ്റിംഗ് വിനായക് സുതൻ, ഓഡിയോഗ്രഫി ഹരികുമാർ മാധവൻ നായർ, സംഗീതം വൈശാഖ് സോമനാഥ്, ഫൈനൽ മിക്സ് റോബിൻ കുഞ്ഞിക്കുട്ടി MPSE എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Story Highlights: ‘Tadavu’ malayalam feature film in Jio Mami Mumbai Film Festival