ഏറ്റവും വില കൂടിയ മദ്യമായി മക്കാലന്‍ 1926; 97 വര്‍ഷം പഴക്കമുള്ള വിസ്‌കി വിറ്റുപോയത് 22 കോടിക്ക്‌

November 28, 2023
1926 Macallan whisky sold at record price

പഴകുന്തോറും വീര്യം കുടുന്ന ഒന്നാണല്ലോ വീഞ്ഞ്. അതുപോലെ തന്നെയാണ് ഇതിന്റെ വിലയും. ലണ്ടനില്‍ നടന്ന ഒരു ലേലത്തില്‍ 22 കോടി രൂപക്കാണ് മദ്യക്കുപ്പികള്‍ വിറ്റുപോയത്. 1926-ലെ മക്കാലന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി കുപ്പികളാണ് വിറ്റുപോയത്. ഇതുവരെ നടന്ന ലേലങ്ങളില്‍ ഏറ്റവും വലിയ തുകയ്ക്കാണ് ഈ മദ്യക്കപ്പികള്‍ വില്‍പന നടത്തിയത്. പ്രശസ്ത ഇറ്റാലിയന്‍ ചിത്രകാരനായിരുന്ന വലേരിയോ അഡാമി വരച്ച ചിത്രമുള്‍പ്പടെ നിരവധി കലാകാരന്മാരുടെ പ്രശസ്ത ചിത്രങ്ങള്‍ ഈ മദ്യ കുപ്പികളുടെ പുറത്തുണ്ട്. ( 1926 Macallan whisky sold at record price )

നാല്‍പതോളം കുപ്പികളുടെ ശേഖരമാണ് ലേലത്തില്‍ ഉണ്ടായിരുന്നത്. ഇതിലുള്‍പ്പെട്ട ഒരു കുപ്പിയില്‍ ഐറിഷ് ചിത്രകാരന്‍ മൈക്കിള്‍ ഡിലന്‍് വരച്ച ചിത്രമുണ്ട്. ഇങ്ങനെ 14 കുപ്പികളാണ് വിവിധ തരത്തിലുള്ള പ്രത്യകതകള്‍ കൊണ്ട് ശ്രദ്ധയാകര്‍ശിച്ചത്.

പതിവിലും വ്യത്യസ്തമായി ഇരട്ടി വിലയ്ക്കാണ് മക്കാലന്‍ 1926 വിറ്റുപോയത്. 2019-ല്‍ നടത്തിയ ലേലത്തില്‍ മക്കാലന്‍ 1926 ന്റെ ഒരു കുപ്പി 1.86 മില്യണ്‍ ഡോളറിനായിരുന്നു ലേലത്തില്‍ വിറ്റത്. ഇതായിരുന്നു നിലവിലുണ്ടായിരുന്ന ഏറ്റവും വലിയ ലേലത്തുക. പുതുതായി ലേലത്തിനെത്തിച്ച കുപ്പികള്‍ 1926ല്‍ ഉണ്ടാക്കിയതാണ്, 60 വര്‍ഷത്തോളമാണ് ഇവ ബാരലില്‍ സൂക്ഷിച്ചത്.

Read Also: “ഒരു സിമ്പിൾ വെഡിങ്ങ്”; കാഴ്ചക്കാരെ അമ്പരപ്പിച്ച പാരിസിലെ വിവാഹം!

വിവിധ പഴവര്‍ഗങ്ങളും സുഗന്ധ വ്യഞ്ജനങ്ങളും ഈ വിസ്‌കിയില്‍ അടങ്ങിയിട്ടുണ്ട്. ലേലത്തിന് മുന്നോടിയായി ഈ വിസ്‌കി രുചിച്ചു നോക്കാനുള്ള അവസരം നല്‍കിയിരുന്നതായും ലേല സ്ഥാപനത്തിന്റെ തലവനായ ജോണി ഫൗള്‍ എഎഫ്പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മക്കാലന്‍ 1926 ന്റെ ലേലം ഓരോ ലേല സ്ഥാപനങ്ങളും നടത്താന്‍ ആഗ്രഹിക്കുന്ന ഒന്നാണ് അതുപോലെ തന്നെ വാങ്ങാനും ആളുകള്‍ മത്സരിക്കാറുണ്ട്. നാല് വര്‍ഷം മുന്‍പ് റെക്കോഡ് തുകയ്ക്ക് ഞങ്ങള്‍ ഒരു കുപ്പി വിറ്റിരുന്നു. സോത്ത്ബിയില്‍ ലേലത്തിനായി മക്കാലന്‍ എത്തിച്ചത് ഞങ്ങള്‍ക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലേലത്തില്‍ റെക്കോഡ് തുകയ്ക്ക് വിറ്റുപോയെങ്കിലും വാങ്ങിയ വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 60 വര്‍ഷം ബാരലില്‍ സൂക്ഷിച്ച മദ്യം പിന്നീട് ഡിസ്റ്റില്ലറിയിലെ റീകണ്ടീഷനിങ് പ്രക്രിയയ്ക്കും വിധേയമായ ശേഷമാണ് ലേലത്തിനായി എത്തിച്ചത്.

Story Highlights: 1926 Macallan whisky sold at record price