വീൽ ചെയറിൽ ഇരുന്നു സൃഷ്ഠിച്ചത് 330 പേജുകളുള്ള നോവൽ; പക്ഷെ എഴുതിയത് കൈകൊണ്ടല്ല മനശക്തി കൊണ്ട്!

November 12, 2023

പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടണമെന്നാണ് ചെറുപ്പം മുതൽക്കെ നമ്മൾ കേട്ടു വളരുന്നത്. എന്നാൽ ജീവിതം കൊണ്ട് ഇത് പ്രാവർത്തികമാക്കിയ ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശി അജേഷ് മാത്യുവിനെ പരിചയപ്പെടാം. (27-year old finishes novel in wheelchair)

പതിമൂന്നാം വയസ്സിലാണ് അജേഷിന്‌ ചലനശേഷി നഷ്ടപ്പെട്ടു തുടങ്ങിയത്. മറ്റുള്ള കുട്ടികളോടൊപ്പം നടന്നു സ്‌കൂളിൽ പോയിരുന്ന അജേഷിന്‌ പരസഹായമില്ലാതെ നടക്കാൻ പോലും കഴിയില്ല എന്ന സ്ഥിതിയെത്തി. പിന്നീടുള്ള ജീവിതം വീൽ ചെയറിന്റെ അകമ്പടിയോടെയായി. സ്‌കൂളിലും കോളേജിലുമൊക്കെ അമ്മ അജിതയുടെ സ്‌കൂട്ടറിനു പിന്നിൽ യാത്ര തുടങ്ങി.

ജീവിതം കഠിനമായി തുടർന്നപ്പോഴും തളരാതെ അജേഷ് എംകോം വരെ പഠിച്ചു. പഠനത്തിനു ശേഷം ബി.കോം വിദ്ധാർത്ഥികൾക്ക് ട്യൂഷൻ ആരംഭിച്ചു. ജീവിതം വീണ്ടും വില്ലൻ വേഷം തന്നെ അണിഞ്ഞ് അജേഷിന്റെ അരികിലെത്തി. ശ്വാസതടസ്സം അടക്കമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയതോടെ ട്യൂഷൻ അവസാനിപ്പിക്കേണ്ടി വന്നു.

വെല്ലുവുളികൾക്കുമുന്നിൽ തോൽക്കാൻ തയ്യാറാകാതെ മൂന്ന് വർഷങ്ങൾക്ക് മുൻപ് അജേഷ് നോവലെഴുത്ത് തുടങ്ങി. കൈകൾക്കു സ്വാധീനം ഇല്ലാത്തതിനാൽ മൊബൈൽ ഫോണിലൂടെ വോയിസ് ടൈപ്പിംഗ് സംവിധാനം ഉപയോഗിച്ചാണ് പുസ്തകരചന. ഡ്രാക്കുള നോവലും ചില ചിത്രങ്ങളും തനിക്ക് എഴുതുവാൻ പുത്തൻ ആശയങ്ങൾ നൽകി എന്ന് അജേഷ് പറയുന്നു. ബെഞ്ചമിൻ മാത്യു എന്ന തൂലികാനാമത്തിലാണ് 330 പേജുകളുള്ള ‘ദ വയലിനിസ്റ്റ്’ എന്ന നോവൽ അജേഷ് എഴുതിയിരിക്കുന്നത്.

Read also: രോഗിയിൽ നിന്നും ഡോക്ടറായവൾ; സ്വപ്നം കണ്ടതെല്ലാം നേടിയെടുത്ത് അർച്ചന!

മുൻ ഡിജിപി അലക്സാണ്ടർ ജേക്കബാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തക പ്രകാശനവും അദ്ദേഹം തന്നെ നിർവ്വഹിച്ചു. ഈ പ്രായത്തിൽ നേരിട്ട ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ എങ്ങനെ ബെഞ്ചമിൻ ഇതെഴുതി എന്നത് തന്നെ അമ്പരപ്പിക്കുന്നു എന്ന് അലക്സാൻഡർ ജേക്കബിന്റെ വാക്കുകൾ.

ജീവിതത്തിലെ പ്രതിസന്ധികൾ ഒരു മുഴം കയറിനു മുന്നിൽ അവസാനിപ്പിക്കാൻ തുനിയുന്ന ഇന്നത്തെ സമൂഹത്തിന് അജേഷിന്റെ പുസ്തകം വാക്കുകൾക്കപ്പുറമുള്ള ഒരു വെളിപാടാകട്ടെ.

Story highlights: 27-year old finishes novel in wheelchair