ഒരു സ്‌പ്രൈറ്റിന് 800 രൂപ..! സാള്‍ട്ട് ബേ റെസ്‌റ്റോറന്റിലെ അമിത വിലയ്‌ക്കെതിരെ വിമര്‍ശനം

November 21, 2023
800 rupess for sprite Salt Bae faces criticism

റെയ്ബാന്‍ ഗ്ലാസ് അണിഞ്ഞ് പ്രത്യേക രീതിയില്‍ ഇറച്ചി വെട്ടി കഷ്ണങ്ങളാക്കി കോബ്ര സ്‌റ്റൈലില്‍ ഉപ്പ് വിതറി സെലിബ്രിറ്റികളെയടക്കമുള്ളവരെ തന്റെ ആരാധകരാക്കിയ തുര്‍ക്കി ഷെഫാണ് നുസ്രത്ത് ഗുക്‌ചെ. ഇത്തരത്തില്‍ കോബ്ര സ്‌റ്റൈലിലുള്ള ഉപ്പ് വിതറല്‍ കാരണം അദ്ദഹം സാള്‍ട്ട് ബേ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. എന്നാല്‍ നുസ്രത്തിന്റെ റെസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച ഒരാള്‍ ബില്ല് പങ്കുവച്ചതോടെ അദ്ദേഹത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയരുകയാണ്.

നുസ്‌റത്തിന്റെ ഭക്ഷണശാലയിലെത്തി പ്രശസ്തമായ ബീഫ് സ്റ്റെയ്ക് കഴിച്ചതിന്റെ ബില്ലാണ് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവച്ചിട്ടുള്ളത്. എന്നാല്‍ ഇതിലെ ശീതളപാനീയമായ സ്‌പ്രൈറ്റിന്റെ വില കണ്ടാണ് എല്ലാവരും ഞെട്ടിയത്. 10 ഡോളറാണ് (830 രൂപ) ശീതളപാനീയത്തിന് ഇടാക്കിയത്. ഗോള്‍ഡ് ഫോയിലില്‍ പൊതിഞ്ഞ ബീഫ് സ്റ്റെയ്ക്കായ ഗോൾഡൻ ടോമാഹോക്കിന് 1,000 ഡോളറാണ് (83,000 രൂപ) വില. സൗത്ത് ഡല്ലാസ് ഫുഡി എന്ന എക്‌സ് അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങള്‍ വന്നത്.

ഈ ബില്ല് സാമുഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ വിമര്‍ശനുമായി എത്തിയത്. നുസ്‌റതിന്‍റെ ഭക്ഷണശാലകളിൽ വിഭവങ്ങളുടെ ഗുണനിലവാരം കുറഞ്ഞെന്നും വലിയ ബില്‍ഡപ്പോടെ ഭക്ഷണം അവതരിപ്പിക്കുന്നതിന് അമിത പ്രാധാന്യം നൽകുന്നുവെന്നാണ് വിമര്‍ശനം.

Read Also: മുംബൈ ലോക്കലിനുള്ളിൽ പഞ്ചനക്ഷത്ര റെസ്റ്റോറന്റ് തുറന്ന് യുവാക്കൾ!

2017-ലാണ് നുസ്‌റത് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പിന്നാലെ നസ്ർ-ഇറ്റ് എന്ന പേരില്‍ (Nusr-Et) അബൂദാ ബി, ദോഹ, ഇസ്താംബൂള്‍, ദുബായ്, ന്യൂയോര്‍ക്ക്, മയാമി തുടങ്ങി നിരവധി നഗരങ്ങളില്‍ അദ്ദേഹം ഭക്ഷണശാലയുടെ ശൃംഖല തുടങ്ങി. ഫുട്ബോൾ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപെ, പോള്‍ പോഗ്ബ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പമുള്ള വിഡിയോകൾ നുസ്‌റത് പങ്കുവച്ചിരുന്നു. ബീഫ് സ്റ്റെയ്ക്കാണ് ഇദ്ദേഹത്തിന്‍റെ റെസ്റ്റോറന്‍റിലെ പ്രധാന വിഭവം.

2022ലും സമാനമായി ഭീമന്‍ തുകയുടെ ബില്ല് പങ്കുവച്ചുകൊണ്ട് നുസ്‌റത്ത് ഞെട്ടിച്ചിരുന്നു. അബുദാബിയിലെ റെസ്റ്റോറന്റില്‍ നിന്നുള്ള 615,065 ദിര്‍ഹമിന്റെ ബില്ലായിരുന്നുവത്്. ഇതിന്റെ മൂല്യം 1.36 കോടി ഇന്ത്യന്‍ രൂപയായിരുന്നു.

Story Highlights: 800 rupess for sprite Salt Bae faces criticism