“പേടിക്കേണ്ട, ഞങ്ങൾ കാവലുണ്ട്”; പക്ഷിക്കും മുട്ടയ്ക്കും രക്ഷകരായി കുരുന്നുകൾ!
സഹജീവികളായ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതും കരുതേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണെന്ന് ചെറുപ്പം മുതലേ കേട്ട് വളരുന്നവരാണ് നമ്മൾ. പക്ഷെ യഥാർത്ഥ ജീവിതത്തിൽ എത്രത്തോളം ഇത് പ്രാവർത്തികമാക്കുന്നു എന്ന ചോദ്യം ഉയരുമ്പോഴാണ് പ്രശ്നം. എന്നാൽ മുതിർന്നവർക്കുൾപ്പടെ മാതൃകയാകുകയാണ് ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ. (A bunch of school kids guards mother bird and her eggs)
ക്ലാസ് മുറിയിലെ മുൾച്ചെടിക്കു മുന്നിൽ കൂടു കൂട്ടിയ അതിഥിയെ സംരക്ഷിക്കാൻ കുട്ടികൾ കണ്ടെത്തിയത് കൗതുമേറെയുള്ള മാർഗം. കാസർഗോഡ് ഗവൺമെന്റ് യുപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥികളാണ് പക്ഷിക്കും മുട്ടയ്ക്കും രക്ഷകരായത്.
മൂന്നാഴ്ച മുൻപാണ് പക്ഷിയമ്മയും മുട്ടകളും കുട്ടികളുടെ ശ്രദ്ധയിൽ പെട്ടത്. മറ്റുകുട്ടികൾ വന്ന് മരം അനക്കുകയും, ആട്ടുകയും, കൂട് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടപ്പോഴാണ് അമ്മയെയും കുട്ടികളെയും എങ്ങനെയും സംരക്ഷിക്കണമെന്ന് 4 ബി യിലെ കുട്ടികൾ തീരുമാനിച്ചത്. ഒടുവിൽ വ്യത്യസ്തമായ ആശയവുമായി തന്നെ അവർ രംഗത്തെത്തി.
ക്ലാസ്സ് മുറിക്കു മുന്നിൽ എല്ലാവർക്കുമായി ഒരു മുന്നറിയിപ്പ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. “ഈ മരത്തെ ആട്ടരുത്. ഈ മരത്തിൽ ഒരു കൂടുണ്ട്. ആ കൂട്ടിൽ ഒരു പക്ഷി ആമ്മയും മുട്ടയും ഉണ്ട്. നിങ്ങൾ തന്നെ ആ മരത്തെ സംരക്ഷിക്കണം. ആ മരം ആട്ടി നശിപ്പിക്കരുത്. ഇവിടെ CCTV ഉണ്ട്. ആരെങ്കിലും ഈ മരത്തെ ആട്ടിയാൽ ഞങ്ങൾക്ക് അറിയാൻ സാധിക്കും. അതുകൊണ്ട് ഈ മരം ആട്ടരുത്. അതുകൊണ്ട് എല്ലാവരും ഈ മരത്തെ സംരക്ഷിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു”. കണ്ടാൽ നിസ്സാരമെന്നു തോന്നാമെങ്കിലും കുട്ടികൾ കത്തിലൂടെ നൽകുന്ന സന്ദേശം വലുതാണ്.
Read also: ‘രാജ്യം അദ്ദേഹത്തിന് എന്നും ഒന്നാമതായിരുന്നു’; ധീരജവാന്റെ ഓർമ്മകൾ പങ്കുവെച്ച് ഭാര്യ!
പോസ്റ്റർ വായിച്ചവരാരും പിന്നീട് ആ മരത്തെ തൊട്ടിട്ടില്ലെന്ന് കുട്ടികൾ പറയുന്നു. അമ്മ പക്ഷി ഇടക്കിടയ്ക്ക് തല പുറത്തിട്ട് കുരുന്നുകളെ നോക്കാറുണ്ട്. അവരുടെ പുതിയ കൂട്ടുകാരിയാണ് വന്നുകയറിയ അതിഥി.
പോസ്റ്റർ എഴുതിയതും ഒട്ടിച്ചതുമെല്ലാം കുട്ടികൾ തന്നെ എന്ന് അവരുടെ അധ്യാപകൻ പറയുന്നു. കൂട് സംരക്ഷിക്കണമെന്നും മറ്റ് കുട്ടികൾക്ക് ബോധവൽക്കരണം നൽകണം എന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്തായാലും ഈ കുരുന്നുകൾ കാവലായുള്ള സ്കൂളിൽ അമ്മപ്പക്ഷിയും മുട്ടകളും സുരക്ഷിതരാണെന്നതിൽ സംശയം വേണ്ട.
Story highlights: A bunch of school kids guards mother bird and her eggs