മുടിയഴകിന് മാറ്റ് കൂട്ടും ആവണക്കെണ്ണ; അറിയാം ഗുണങ്ങൾ!

November 19, 2023

മുടിയുടെ പ്രശ്‌നങ്ങളിൽ വലയാത്തവരായി ആരെയും നമുക്കിന്ന് കാണാൻ കഴിയില്ല. എണ്ണകൾ, ഷാംപൂകൾ, മറ്റ് ഹെയർ മാസ്കുകൾ അങ്ങനെ പല ഉൽപ്പന്നങ്ങളും മാറി മാറി നമ്മൾ പരീക്ഷിച്ചിട്ടുണ്ടാവും. ഒന്നും ഫലം കണ്ടെന്നു വരണമെന്നുമില്ല. അടുത്ത കാലത്തായി, പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത പരിഹാരങ്ങളിലേക്കാണ് ആളുകൾ തിരിയുന്നത്. (Benefits of Castor oil for hair)

മുടിയുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് ആവണക്കെണ്ണ. ഇതിനെക്കുറിച്ച് കുട്ടിക്കാലം മുതൽ നമ്മൾ കേട്ടിട്ടുമുണ്ട്. പല പ്രശ്നങ്ങൾക്കും മുത്തശ്ശിമാരുടെ പ്രിയപ്പെട്ട എണ്ണയും ഇത് തന്നെയാവും. ഏത് പ്രശ്‌നവും വേരിൽ നിന്ന് പരിഹരിക്കുന്നതിനാൽ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങൾക്ക് ആവണക്കെണ്ണ ഉത്തമമാണ്.

മുടിയിഴകളിൽ ജലാംശം നിലനിർത്തുന്നു:
മറ്റ് പ്രകൃതിദത്ത എണ്ണകളെപ്പോലെ, ആവണക്കെണ്ണ മുടിക്കും തലയോട്ടിക്കും ജലാംശം നൽകുന്നു. അമിനോ ആസിഡുകളാൽ ഇത് സമ്പുഷ്ടമാണ്. ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ഈർപ്പം നിലനിർത്തി മുടിയിഴകളെ ശക്തിപ്പെടുത്തുന്നു.

മുടിയെ ആരോഗ്യമുള്ളതും തിളക്കമുള്ളതുമാക്കുന്നു:
ആവണക്കെണ്ണ ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്. അത് മുടിയുടെ ആരോഗ്യവും തിളക്കവും മൃദുത്വവും നിലനിർത്തുന്നു. ഈ എണ്ണയിൽ ഒലിക്, ലിനോലെയിക് ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുമ്പോൾ, രക്തചംക്രമണം വർദ്ധിക്കുകയും മുടിയുടെ വളർച്ച മെച്ചപ്പെടുകയും ചെയ്യുന്നു.

Read also: മുടി തഴച്ച് വളരണോ? എങ്കിൽ ഇടക്കിടക്ക് വെട്ടി കളഞ്ഞോളു..

ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്:
മഴക്കാലത്തും മഞ്ഞുകാലത്തും തലയോട്ടിയിൽ അണുബാധ സാധാരണമാണ്. ഈ സമയത്ത് തലയോട്ടിയിൽ താരൻ, ചൊറിച്ചിൽ മുതലായവയ്ക്ക് കാരണമാകുന്ന അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിക്കും. തലയോട്ടിയിൽ ആവണക്കെണ്ണ പുരട്ടുന്നത് വഴി നിരവധി ബാക്ടീരിയ, ഫംഗസ് അണുബാധകളുടെ വളർച്ചയെ തടുക്കാൻ സാധിക്കും.

വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു:
മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ആവണക്കെണ്ണ. ഇത് മുടിക്ക് തിളക്കം നൽകുകയും അമിതമായ മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.

മുടി വളർച്ച വർദ്ധിപ്പിക്കുക:
ആവണക്കെണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും മുടി വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും. മികച്ച ഫലങ്ങൾക്കായി എണ്ണ ചൂടാക്കി പുരട്ടാവുന്നതാണ്.

Story highlights: Benefits of Castor oil for hair