വെറും വയറ്റിൽ പപ്പായ; ഗുണങ്ങൾ ചില്ലറയല്ല!

November 14, 2023

ആരോഗ്യകരമായി ദിവസം ആരംഭിക്കുന്നത്തിലൂടെ നീണ്ടുനിൽക്കുന്ന ഉന്മേഷം ലഭിക്കും. പപ്പായ പോലുള്ള രുചികരവും പോഷകപ്രദവുമായ ഒരു പഴത്തിലൂടെ ദിവസം തുടങ്ങിയാലോ? കാത്സ്യം, നാരുകൾ, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ എ, ബി, സി, ഇ എന്നിവ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തെ സഹായിക്കുന്നത് മുതൽ പ്രതിരോധശേഷി വർധിപ്പിക്കുന്നത് വരെ, പപ്പായ നമ്മുടെ മേശയിൽ ഒരു പ്രധാന സ്ഥാനം അർഹിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. രാവിലെ പപ്പായ കഴിക്കുന്നതിന്റെ ചില പ്രധാന ഗുണങ്ങൾ പരിശോധിക്കാം. (Benefits of having Papaya empty stomach)

മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകുന്നു:

ദിവസവും രാവിലെ പപ്പായ കഴിക്കുന്നത് ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുകയും വയറ്റിലെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു. മലബന്ധത്തിന്റെ പ്രശ്നങ്ങളുള്ളവർക്ക് രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കാം. നാരുകളാൽ സമ്പുഷ്ടമായതിനാൽ ഇത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

ദിവസവും രാവിലെ പപ്പായ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്. അതുകൊണ്ടു തന്നെ ഇത് കഴിക്കുന്നതിലൂടെ വീണ്ടും വീണ്ടും വിശപ്പ് തോന്നാതിരിക്കുകയും അമിതഭക്ഷണം കഴിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യും.

Read also: രോഗങ്ങളെ ചെറുത്തുനിൽക്കാം; ദിവസവും ശീലമാക്കാം ഗോൾഡൻ മിൽക്ക്

പ്രതിരോധശേഷി വർധിപ്പിക്കുന്നു:

പപ്പായയിൽ വൈറ്റമിൻ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിലൂടെ അണുബാധകൾക്കും രോഗങ്ങൾക്കും ഇരയാകുന്നത് ഒഴിവാക്കാം. ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ പപ്പായ കഴിച്ചാൽ ശരീരത്തിലെ ടോക്‌സിനുകൾ പുറത്തുവരുകയും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും.

ഹൃദയാരോഗ്യം നിലനിർത്തുന്നു:

ശരീരത്തിലെ കൊളസ്ട്രോൾ കൂടുന്നത് പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന പൊട്ടാസ്യം ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ പപ്പായ കഴിക്കുന്നത് ഹൃദ്രോഗം തടയും.

ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു:

ദിവസവും രാവിലെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണം ചെയ്യും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മകോശങ്ങളെ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ലൈക്കോപീൻ അടങ്ങിയിട്ടുള്ളതിനാൽ അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. ഇത് കഴിക്കുന്നത് മുഖക്കുരു, പിഗ്മെന്റേഷൻ, ചുളിവുകൾ, ഫൈൻ ലൈനുകൾ എന്നിവയൊക്കെ കുറയ്ക്കാൻ സഹായിക്കും.

Story highlights: Benefits of having Papaya empty stomach