ക്ഷീണം കൊണ്ട് ഒന്ന് ഉറങ്ങിപ്പോയതാ; കണ്ണ് തുറന്നപ്പോൾ പോലീസ് സ്റ്റേഷനിൽ!
എല്ലാ തരം ജോലികളും നമ്മൾ അതിയായ ശ്രദ്ധയോടും കൃത്യതയോടും കൂടി ചെയ്യേണ്ടവയാണ്. എന്നാൽ ചില മേഖലകളിൽ കരുതൽ ഏറെ ആവശ്യമാണ്. ഉദാഹരണത്തിന് ഡോക്ടർമാർ, നഴ്സുമാർ, കാവൽക്കാർ, സുരക്ഷാ പ്രവർത്തകർ, ഡ്രൈവർമാർ, സൈനികർ, അങ്ങനെ എത്രെയോ പേർ. അവരുടെ ഒരു ചെറിയ അശ്രദ്ധ മൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ ചില്ലറയല്ല. (Burglar in China falls asleep amidst robbery)
ഇതുപോലെ ഏറെ ശ്രദ്ധയോടെ കണ്ണ് ചിമ്മാതെ ജോലി ചെയ്യേണ്ട മറ്റൊരു കൂട്ടരുണ്ട്. മിക്കപ്പോഴും അവർക്ക് നൈറ്റ് ഡ്യൂട്ടി ആവും ഉണ്ടാകുക. കാരണം വെളിച്ചത്ത് പുറത്തിറങ്ങിയാൽ പ്രശ്നമാണ്. അതെ, കള്ളന്മാർ തന്നെ. പക്ഷെ ഡ്യൂട്ടി സമയത്ത് അവർ ഉറങ്ങി പോയാൽ എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ?
തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ ഒരു വീട്ടിൽ ഒരു കൊള്ളക്കാരൻ പ്രവേശിച്ചു. എന്നാൽ ആളുകൾ സംസാരിക്കുന്നത് കേട്ട് അയാൾ പരിഭ്രാന്തനായി. അതുകൊണ്ട് വീട്ടുടമസ്ഥർ ഉറങ്ങുന്നത് വരെ മറ്റൊരു മുറിയിൽ കാത്തിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒരു പക്ഷെ ബോറടിച്ചിട്ടുണ്ടാവും, ആളൊരു സിഗാർ വലിച്ചിട്ട് താനേ ഉറങ്ങിപ്പോയി. തെറ്റ് പറയാൻ പറ്റില്ല, മനുഷ്യനല്ലേ, നല്ല ക്ഷീണം കാണും.
Read also: നടുറോഡിൽ വാഴ നട്ട് പരിപാലിച്ചത് 2 വർഷം; നടപടിയുമായി അധികൃതർ, ഏകാന്തത തോന്നുന്നുവെന്ന് ഉടമ…
ഇതേസമയം, വീട്ടുടമസ്ഥ തന്റെ ഇളയ കുഞ്ഞുമായി ഉറങ്ങാൻ പോയിരുന്നു. ഇടയ്ക്ക് ഉച്ചത്തിലുള്ള കൂർക്കംവലി കേട്ട് അവർ ഉണർന്നു. ആദ്യം അയൽവാസിയുടെ വീട്ടിൽ നിന്നുള്ള ശബ്ദമെന്ന് കരുതി അവർ കാര്യമാക്കിയില്ല. എന്നാൽ അല്പസമയത്തിനു ശേഷം തന്റെ കുട്ടിയുടെ പാൽ കുപ്പി കഴുകാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കൂർക്കംവലി ഉച്ചത്തിലായത് അവരുടെ ശ്രദ്ധയിൽ പെട്ടത്.
ശബ്ദം കേൾക്കുന്നത് സ്വന്തം വീട്ടിലെ മറ്റൊരു മുറിയിൽ നിന്നാണെന്ന് അവർക്ക് പെട്ടെന്ന് മനസ്സിലായി. എന്താണ് സംഭവം എന്നറിയാൻ അന്വേഷിച്ച് ചെന്നപ്പോഴാണ് യാങ് എന്ന കൊള്ളക്കാരൻ മറ്റൊരു മുറിയിലെ തറയിൽ സുഖമായി കിടന്നുറങ്ങുന്നത് കാണുന്നത്.
വീട്ടുടമസ്ഥ ഉടൻ തന്നെ വീട്ടിലുള്ളവരെയും പോലീസിനെയും വിവരം അറിയിക്കുകയും തുടർന്ന് ആളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റവാളിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും 2022-ൽ മോഷണക്കുറ്റത്തിന് ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
അതേസമയം, ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് രസകരമായ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
Story highlights: Burglar in China falls asleep amidst robbery