ഗൂഗിള്‍ മാപ്പ് പണി പറ്റിച്ചു; ഫോർമുല വൺ കണ്ട് മടങ്ങിയ സംഘമെത്തിയത് മരുഭൂമിയിൽ

November 24, 2023
Google Maps Misleads Travellers Into Desert

ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിച്ച് അപകടങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ വെള്ളക്കട്ടിലേക്ക് വീണ് വലിയ അപകടങ്ങള്‍ കേരളത്തില്‍ തന്ന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ ഗൂഗിള്‍ മാപ്പ് പണിപറ്റിച്ച സംഭവം യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഫോര്‍മുല വണ്‍ മല്‍സരത്തിനു ശേഷം ലാസ് വെഗാസില്‍ നിന്നും മടങ്ങിയ സംഘമാണ് കുരുക്കിലായത്. പോകേണ്ട സ്ഥലത്ത് എത്തിക്കുന്നതിന് പകരം മരുഭൂമിയിലാണ് സംഘമെത്തിയത്. ( Google Maps Misleads Travellers Into Desert )

ഷെല്‍ബി ഈസ്ലര്‍ എന്ന യുവതിയും സഹോദരന്‍ ഓസ്റ്റിനും ഇവരുടെ സുഹൃത്തുക്കളുമാണ് ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പെട്ടത്. നവംബര്‍ 19-ന്, ഫോര്‍മുല വണ്‍ മല്‍സരം കണ്ടതിനു ശേഷം ലോസ് ആഞ്ചലസിലേക്ക് മടങ്ങുകയായിരുന്നു സംഘം. വഴി മനസിലാക്കാന്‍ ഇവര്‍ ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിച്ചത്. ശക്തമായ പൊടിക്കാറ്റ് കാരണമുണ്ടാകുന്ന ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനായി, തെക്കന്‍ കാലിഫോര്‍ണിയയെ സിന്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇന്റര്‍സ്റ്റേറ്റ് 15-ന് പകരം മറ്റൊരു വഴി മനസിലാക്കാനാണ്് ഇവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്.

സാധാരണയേക്കാള്‍ 50 മിനുട്ട് നേരത്തെ എത്തുമെന്നാണ് ഗൂഗിള്‍ മാപ്പ് നല്‍കിയ വിവരമെന്നും ഷെല്‍ബി പറയുന്നു. ആദ്യമായാണ് ലാസ് വേഗാസിലേക്കും തിരിച്ച് ലോസ് ആഞ്ചലസിലേക്കും വാഹനം ഓടിച്ചതെന്നും ഷെല്‍ബി കൂട്ടിച്ചേര്‍ത്തു. പ്രധാന പാതയില്‍ നിന്നും മാറി ഗൂഗിള്‍ മാപ്പ് തങ്ങളെ നെവാഡയിലെ മരുഭൂമിയിലേക്ക് നയിച്ചതായും ഷെല്‍ബി പറഞ്ഞു. ഷെല്‍ബിയെയും കൂട്ടുകാരെയും കൂടാതെ, ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച മറ്റു ചിലര്‍ക്കും ഇതേ അബദ്ധം പിണഞ്ഞിരുന്നു. തങ്ങള്‍ ഏത് സ്ഥലത്താണ് എത്തിച്ചേര്‍ന്നതെ് മനസിലാക്കാന്‍ പോലും ഇവര്‍ക്കായിരുന്നില്ല.

Read Also: ‘വാസ്തുവിദ്യാ വിസ്മയം’ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ലൈറ്റ് ഹൗസ്..

വഴി തെറ്റിയെന്ന് മനസിലായതോടെ, ടോവിങ് സര്‍വീസ് നല്‍കുന്നവരെ ഇവര്‍ ബന്ധപ്പെട്ടു. ഷെല്‍ബിയെയും ഇവിടെ കുടുങ്ങിപ്പോയ മറ്റുള്ളവരെയും അവരുടെ വാഹനങ്ങളെയും രക്ഷപെടുത്താന്‍ ഇവര്‍ ട്രക്കുകള്‍ അയക്കുകയായിരുന്നു. ഇനിയൊരിക്കലും ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കില്ലെന്നും് അറിയാവുന്ന റൂട്ടിലൂടെ മാത്രമേ വാഹനം ഓടിക്കൂ എന്നും ഇല്ലെങ്കില്‍ അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കുമെന്നും ഷെല്‍ബി കൂട്ടിച്ചേര്‍ത്തു.

Story Highlights: Google Maps Misleads Travellers Into Desert