ഹോളിവുഡ് മണ്ണിലുറങ്ങി പ്രിയ ചാൻഡ്‌ലെർ ബിംഗ്!

November 4, 2023

ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു നടൻ മാത്യു പെറിയുടെ മരണവാർത്ത. ചാൻഡ്‌ലെർ ബിംഗ് എന്ന കഥാപാത്രത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ച പെറി ഒക്‌ടോബർ 28 ന് അമേരിക്കയിലെ ലോസ് ആഞ്ചെലെസിലെ വീട്ടിൽ വച്ചാണ് അന്തരിച്ചത്. ഇപ്പോൾ ലോകം മുഴുവൻ പ്രിയ നടന് യാത്രാമൊഴി ചൊല്ലുകയാണ്. വാർണർ ബ്രദേഴ്‌സ് സ്റ്റുഡിയോയ്ക്കു സമീപം ലോസ് ആഞ്ചെലെസ്‌ ഹോളിവുഡ് ഹിൽസ് പരിസരത്തുള്ള ഫോറസ്റ്റ് ലോൺ സെമിത്തേരിയിലാണ് പ്രിയ ചാൻഡ്‌ലെറിന്റെ അവസാന വിശ്രമം. (Matthew Perry rests in Los Angeles)

അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. പെറിയുടെ സുഹൃത്തുക്കളും ഫ്രണ്ട്‌സ് സീരീസ് സഹതാരങ്ങളുമായ ജെന്നിഫർ ആനിസ്റ്റൺ, കോർട്നി കോക്സ്, ലിസ കുഡ്രോ, മാറ്റ് ലെബ്ലാങ്ക്, ഡേവിഡ് ഷ്വിമ്മർ എന്നിവർ സുഹൃത്തിന് അന്തിമ വിടചൊല്ലാൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Read also: ‘റെസ്റ്റ് ഇൻ പീസ് ചാൻഡലർ ബിംഗ്’: മാത്യു പെറിയുടെ വിയോഗത്തിൽ ദുഃഖത്തോടെ ആരാധകർ

ഏറെ വേദന നിറഞ്ഞ മാത്യുവിന്റെ കുടുംബത്തിന്റെ വാക്കുകൽ ഇങ്ങനെ; “ഞങ്ങളുടെ പ്രിയപ്പെട്ട മകന്റെയും സഹോദരന്റെയും ദാരുണമായ വേർപാടിൽ ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു. ഒരു നടനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും മാത്യു ലോകത്തിന് വളരെയധികം സന്തോഷം നൽകി. നിങ്ങളെല്ലാവരും അവന് ഏറെ പ്രിയപ്പെട്ടവരാണ്. നിങ്ങളുടെ സ്നേഹത്തിനു നന്ദി.”

ഇതേ സമയം ഫ്രണ്ട്‌സ് താരങ്ങൾ കൂട്ടായ പ്രതികരണമാണ് പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. “മാത്യുവിന്റെ വേർപാടിൽ ഞങ്ങളെല്ലാം ആകെ തകർന്നിരിക്കുകയാണ്. ഞങ്ങൾ കേവലം സഹതാരങ്ങൾ മാത്രമല്ലായിരുന്നു, ഒരു കുടുംബമാണ്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, എന്നാൽ ഇപ്പോൾ ഞങ്ങൾ ഈ തീരാനഷ്ടവും വേദനയും ഉൾക്കൊള്ളാൻ സമയമെടുക്കുകയാണ്. പ്രതികരിക്കാനുള്ള അവസ്ഥയിലേക്ക് എത്തുമ്പോൾ ഞങ്ങൾ കൂടുതൽ കാര്യങ്ങൾ പറയും.”

ലോകമുള്ള കാലത്തോളം പ്രിയ ചാൻഡ്‌ലെർ ഇനിയില്ലെന്ന യാഥാർഥ്യം ഓരോ ‘ഫ്രണ്ട്സ്’ ആരാധകന്റെയും നെഞ്ചിലൊരു വിങ്ങൽ പോലെ അവശേഷിക്കും. “വീ വിൽ ബി ദേർ ഫോർ യൂ…” (We’ll be there for you…)

Story highlights: Matthew Perry rests in Los Angeles