എമ്പുരാനില്‍ മോഹന്‍ലാലിന്റെ നായിക..? മലയാളത്തിലേക്ക് ചുവടുവയ്ക്കാന്‍ പാകിസ്ഥാന്‍ നടി

November 29, 2023
Mahira khan making Malayalam debut in Empuraan

വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷവും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ ലഡാക്കിലായിരുന്നു ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം. ( Pakistani actress Mahira khan making Malayalam debut in Empuraan )

ഒന്നാം ഭാഗമായ ലൂസിഫറിന്റെ 200 കോടി ക്ലബ്ബ് റെക്കോഡ് എമ്പുരാന്‍ മറികടക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ എമ്പുരാനില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് പാകിസ്ഥാന്‍ ചലചിത്ര താരമാണെന്നാണ്.

പാകിസ്ഥാനിലെ മുന്‍നിര നായികയായ മഹിറ ഖാന്‍ എമ്പുരാനില്‍ വേഷമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂം ടിവി എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ടിലാണ് മഹിറ ഖാന്‍ എമ്പുരാനില്‍ എത്തുന്നതായി പറയുന്നത്.
ഷാരൂഖ് ഖാനൊപ്പം ബോളിവുഡില്‍ റയീസ് എന്ന ചിത്രത്തില്‍ മഹിറ ഖാന്‍ നായികയായി വേഷമിട്ടിട്ടുണ്ട്. വാര്‍ത്തകള്‍ കൃത്യമാണെങ്കില്‍ പാക് നായിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും എമ്പുരാന്‍. ഇന്ത്യന്‍ സിനിമയില്‍ പാക് അഭിനേതാക്കള്‍ക്കുണ്ടായിരുന്ന ദീര്‍ഘകാല വിലക്ക് മുംബൈ ഹൈക്കോടതി നീക്കിയതും ഇതിന് സഹായകരമാകും.

എന്നാല്‍ മഹിറ ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ ഇതുവരെ നടിയോ സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സോ പ്രതികരിച്ചിട്ടില്ല. പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേത്രിയാണ് മഹിറ. മഹിറ ഖാനൊപ്പം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ഒരുമിച്ചുനില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് താരത്തിന്റെ മലയാളത്തിലേക്കുളള അരങ്ങേറ്റവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക് ചൂടുപിടിച്ചത്.

Story highlights: Pakistani actress Mahira khan making Malayalam debut in Empuraan