ഉദ്വോഗത്തിന്റെ എട്ട് മണിക്കൂര്‍; അഴുക്കുചാലില്‍ നിന്ന് പിപ്പ പുതുജീവിതത്തിലേക്ക്..

November 20, 2023
Puppy rescued from sewer after 8 hours in US

എട്ട് മണിക്കൂര്‍ നീണ്ട കാത്തിരിപ്പ് വെറുതെയായില്ല.. അഴുക്കുചാലില്‍ അകപ്പെട്ട് മരണം മുഖാമുഖം കണ്ട നായക്കുട്ടി പിപ്പയ്ക്ക് പുതുജീവന്‍. യുഎസിലെ സാന്‍ അന്റോണിയോയിലാണ് നായകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്. ( Puppy rescued from sewer after 8 hours in US )

വീട്ടുമുറ്റത്ത് ഓടിനടക്കുന്നതിനിടെയാണ് മൂന്ന് നായക്കുട്ടികള്‍ തുറന്നുകിടന്ന വാല്‍വിലുടെ അഴുക്കുചാലിലേക്ക് വീണത്. ഇതില്‍ രണ്ട് നായക്കുട്ടികളെ ഫയര്‍ ഡിപ്പാര്‍ട്ടെമെന്റ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ മലിനജലത്തില്‍ അകപ്പെട്ട മൂന്നാമനായ പിപ്പയെ സുരക്ഷിതമായി പുറത്തെത്തിക്കാനായിരുന്നില്ല.

അഴുക്കുചാലിന്റെ വലിപ്പക്കുറവാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായത്. എന്നാല്‍ നായക്കുട്ടിയെ മരണത്തിന് വിട്ടുകൊടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനായി പുതുവഴി തേടിയ അധികൃതര്‍ ജല വകുപ്പിനോട് സഹായം തേടുകയായിരുന്നു.

ക്യാമറയുടെ സഹായത്തോടെ നായയുടെ സ്ഥാനം കണ്ടെത്തി. തുടര്‍ന്ന് അഴുക്കുചാലിലെ വെള്ളം പൂര്‍ണാമായും മറ്റൊരു ഭാഗത്തേക്ക് പമ്പ് ചെയ്ത ശേഷമാണ് പിപ്പയെ പുറത്തെടുത്തത്. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നായക്കുട്ടിയെ രക്ഷപ്പെടുത്തിയത്. പിപ്പയെ അതിന്റെ ഉടമകൾക്ക് തിരികെ നൽകുന്നതിന് മുമ്പ്, അനിമൽ കെയർ സർവീസസിന്റെ സഹായത്തോടെ മൃഗ ഡോക്ടറുടെ സേവനം ലഭ്യമാക്കിയിരുന്നു.

Story Highlights: Puppy rescued from sewer after 8 hours in US