‘കുട്ടിയെ കണ്ടെത്തുന്നതില്‍ മാധ്യമങ്ങളുടെ പ്രചാരണം നിര്‍ണായകമായി’; സന്തോഷം പങ്കിട്ട് ഷെയ്ന് നിഗം
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്താനായതില്‍ സന്തോഷം പങ്കുവച്ച് യുവനടന് ഷെയ്ന് നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളക്കരയാകെ ഉറ്റുനോക്കിയ ആ സന്തോഷവാര്‍ത്ത വന്നിരിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പാണ് പങ്കുവച്ചിട്ടുള്ളത്. ഇതോടൊപ്പം കൂട്ടിയെ കാണാതായത് മുതല്‍ വാര്‍ത്തകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് എല്ലാ കോണില്‍ നിന്നും വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ മാധ്യമങ്ങളെ പ്രശംസിക്കാനും യുവനടന് മറന്നില്ല. ( Shane Nigam shared his joy over finding the missing girl )
ഇന്നലെ മുതല്‍ കേട്ടുവന്ന സകല കുത്തുവാക്കുകളും മുഖവിലക്കെടുക്കാതെ മാധ്യമങ്ങള്‍ നടത്തിയ പ്രചാരണം കുട്ടിയെ തിരിച്ചറിയാനും വേഗത്തില്‍ കണ്ടെത്താനും സഹായകരമായെന്നും കുറിപ്പില്‍ വ്യകതമാക്കി. അതോടൊപ്പം കൊല്ലം ആശ്രാമം പോലെയുള്ള നഗരത്തിന്റെ പ്രധാന ഭാഗത്ത് വലിയ പൊലീസ് സന്നാഹം ഭേദിച്ചുകൊണ്ട് കുഞ്ഞുമായി എത്തിയതിലുള്ള ആശങ്കയും നടന് കുറിപ്പില്‍ പങ്കുവച്ചിട്ടുണ്ട്.
ഷെയ്ന് നിഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു അബിഗെലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.
- കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.
- പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികള്‍ക്ക് ജില്ലവിട്ട് പുറത്ത് പോകാന്‍ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു.
സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കട്ടെ.
Story Highlights : Shane Nigam shared his joy over finding the missing girl