അവഗണിക്കരുത് വിശ്രമത്തിന്റെ പ്രാധാന്യം; കാരണങ്ങൾ അറിയാം!
“വിശ്രമം” എന്ന വാക്ക് കൊണ്ട് എന്താണ് നമ്മൾ അർത്ഥമാക്കുന്നത്? കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും, മറ്റുള്ളവരുടെ പിന്നിലാകാതിരിക്കാനുമുള്ള ഓട്ടത്തിൽ വിശ്രമത്തിന്റെ പ്രാധാന്യം നാം പലപ്പോഴും അവഗണിക്കുന്നു. എന്നാൽ ആരോഗ്യകരമായ ജീവിതശൈലിയുടെ നിർണായക ഘടകമാണ് വിശ്രമമെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. വിശ്രമിക്കുക എന്നാൽ സ്വയം പുതുക്കുക അല്ലെങ്കിൽ ക്ഷീണം ഒഴിവാക്കുക എന്നാണ്. നമുക്ക് പല തലങ്ങളിൽ വിശ്രമം ആവശ്യമുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. (The importance of resting)
ശാരീരിക വിശ്രമം
ശരീരത്തിന് അദ്ധ്വാനത്തിൽ നിന്ന് ഒരു ഇടവേള നൽകുകയും വീണ്ടും ഉന്മേഷം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യുന്ന തരത്തിലുള്ള വിശ്രമമാണ് ശാരീരിക വിശ്രമം. സുഖപ്രദമായ ഒരിടത്ത് കിടക്കുക, ഇരിക്കുക അല്ലെങ്കിൽ ഉറങ്ങുക ഇവയൊക്കെ ശാരീരികമായ വിശ്രമത്തിൽ ഉൾപ്പെടുന്നു. ഇത് പേശികളുടെ പിരിമുറുക്കം ഒഴിവാക്കാനും ക്ഷീണം കുറയ്ക്കാനും സഹായിക്കുന്നു.
മാനസിക വിശ്രമം
നിരന്തരമായ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ നിന്നും മാനസിക സമ്മർദ്ദത്തിൽ നിന്നും മനസ്സിന് വിശ്രമം നൽകുന്നതിനെയാണ് മാനസിക വിശ്രമം എന്ന് പറയുന്നത്. മനസ്സിനെ വിശ്രമിക്കാനും റീചാർജ് ചെയ്യാനും അനുവദിക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾ. ജോലി സംബന്ധമായ കാര്യങ്ങളിൽ നിന്ന് ഇടവേള എടുക്കുക, തീവ്രമായ മാനസിക ശ്രദ്ധ ആവശ്യമില്ലാത്ത ഹോബികളിലോ പരിപാടികളിലോ ഏർപ്പെടുക തുടങ്ങിയ പ്രവർത്തികളിലൂടെ ഇത് നേടാനാകും. ഇതിലൂടെ മാനസിക ക്ഷീണം കുറയുന്നു, ഒപ്പം ശ്രദ്ധയും സർഗ്ഗാത്മകതയും മെച്ചപ്പെടുന്നു.
Read also: ഇനി കിടക്കയിൽ തിരിഞ്ഞു മറിയേണ്ട; സുഖമായി ഉറങ്ങാനുള്ള ചില വഴികൾ!
വൈകാരിക വിശ്രമം
വൈകാരിക സമ്മർദ്ദങ്ങളിൽ നിന്ന് ഒരു ഇടവേള എടുക്കാനും റീചാർജ് ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നതാണ് വൈകാരിക വിശ്രമം. ജേണലിംഗ്, പ്രകൃതിയിൽ സമയം ചെലവഴിക്കുക, സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അല്ലെങ്കിൽ പ്രിയപ്പെട്ടവരിൽ നിന്ന് വൈകാരിക പിന്തുണ തേടുക തുടങ്ങിയ പരിശീലനങ്ങളിലൂടെ വൈകാരിക വിശ്രമം നേടാനാകും. വൈകാരിക വിശ്രമം സമ്മർദ്ദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ഇന്ദ്രിയങ്ങൾക്ക് വിശ്രമം
നിരന്തരമായ ശബ്ദവും ലൈറ്റുകളും ഡിജിറ്റൽ സ്ക്രീനുകളും നിറഞ്ഞ ഇന്നത്തെ ലോകത്ത് സെൻസറി റെസ്റ്റ് നിർണായകമാണ്. ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിൽ സമയം ചെലവഴിക്കുക, ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക, ലൈറ്റുകൾ മങ്ങിക്കുക, അല്ലെങ്കിൽ ആഴത്തിൽ ശ്വസിക്കുക എന്നിവയിലൂടെ ഇത് നേടാനാകും. സെൻസറി വിശ്രമം നാഡീവ്യവസ്ഥയെ ശാന്തമാക്കാനും സെൻസറി ഓവർലോഡ് കുറയ്ക്കാനും സഹായിക്കും.
നമ്മുടെ ശരീരത്തിനും മനസ്സിനും എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് സ്വയം അവബോധം ഉണ്ടാകുക എന്നത് വളരെ പ്രധാനമാണ്. അടുത്ത തവണ ഊർജം കുറയുകയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുകയോ ചെയ്യുമ്പോൾ ഏത് രീതിയിലുള്ള വിശ്രമമാണ് നമ്മുടെ ശരീരവും മനസ്സും ആവശ്യപ്പെടുന്നതെന്ന് ചിന്തിക്കാം. കൂടുതൽ ഉന്മേഷമുള്ളവരാകാൻ കുറച്ചല്ല, കൂടുതൽ വിശ്രമമാണ് ആവശ്യം എന്ന് തിരിച്ചറിഞ്ഞാൽ വലിയ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ട് വരാൻ സാധിക്കും.
Story highlights: The importance of resting