ഇത് ഇന്ദ്രജാലമല്ല, യാഥാർഥ്യം; ഉയരങ്ങൾ കീഴടക്കി വിഷ്ണു!

November 8, 2023

ഈ ലോകം തീർക്കുന്ന പരിമിതികൾക്കു മേലെ പറന്നു ഉയരങ്ങൾ കീഴടക്കിയ നിരവധി വ്യക്തികളെ നമുക്കറിയാം. ജപ്പാനിലെ സോഫിയ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ ഇത്തവണ താരമായ ഒരു മിടുക്കനുണ്ട്. ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ യശസ്സുയര്‍ത്തിയ സെറിബ്രല്‍പാഴ്സി ബാധിതനായ വിഷ്ണു. ജപ്പാനിലെ വിദ്യാഭ്യാസ വീക്ഷകരെയും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരെയുമൊക്കെ തന്റെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു. (Vishnu rises above his limitations)

ജന്മനാ സെറിബ്രൽപാഴ്സിയുള്ള വിഷ്ണു, പ്രൊഫഷണൽ ജാലവിദ്യക്കാർക്കു പോലും ചെയ്യാൻ ബുദ്ധിമുട്ടുള്ള വിദ്യകൾ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയുമാണ് കാഴ്ചവെച്ചത്. ആദ്യമായാണ് ഭിന്നശേഷിയുള്ള ഒരു കുട്ടി കോൺഫറൻസിൽ ആകർഷണാകേന്ദ്രമാകുന്നത്.

Read also: രോഗിയിൽ നിന്നും ഡോക്ടറായവൾ; സ്വപ്നം കണ്ടതെല്ലാം നേടിയെടുത്ത് അർച്ചന!

ജപ്പാനിലെ ഓപ്പൺ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരൻ കൂടിയാണ് വിഷ്ണു. കൂട്ടായി ഒപ്പം പരിശീലകൻ ഗോപിനാഥ് മുതുകാടും ഉണ്ടായിരുന്നു. ഇരുവർക്കും ഏറ്റവും ഹൃദ്യമായ സ്വീകരണമാണ് ജപ്പാനിൽ ഒരുക്കിയത്.

ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ പെരുമ വിഷ്ണുവിലൂടെ ഉയർത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇത്തരം പഠനങ്ങളിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കാനും അവരുടെ സർഗാത്മകതയെ ഉണർത്തുവാനും അവരിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാനും സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വിഷ്‌ണു. ഇത്തരം പഠന സാധ്യതകൾ വിദേശരാജ്യങ്ങൾക്കടക്കം പൊതു സ്വീകാര്യതയ്ക്ക് വയ്ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story highlights: Vishnu rises above his limitations