‘ഫ്രൈഡ് റൈസ് സിൻഡ്രോം’; ലക്ഷണങ്ങൾ അറിയാം, ഒഴിവാക്കാം!

November 10, 2023

‘ഫ്രൈഡ് റൈസ് സിൻഡ്രോം’ എന്ന് പേരുള്ള ഒരു തരം ഭക്ഷ്യവിഷബാധ അടുത്തിടെ ടിക് ടോക്കിൽ വൈറലായിരുന്നു. 2008-ൽ 20 വയസ്സുള്ള ഒരു വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഈ അവസ്ഥ ആദ്യമായി വാർത്തകളിൽ ഇടം നേടിയത്. ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് മരിച്ച ഒരാളെക്കുറിച്ചുള്ള ഒരു വീഡിയോ അടുത്തിടെ ഒരു ടിക് ടോക്കർ പങ്കിട്ടതോടെയാണ് ആളുകൾ ആശങ്കയിലായത്. (What is fried rice syndrome?)

പരിസ്ഥിതിയിൽ സാധാരണയായി കാണപ്പെടുന്ന ബാസിലസ് സെറിയസ് (Bacillus cereus) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് ഫ്രൈഡ് റൈസ് സിൻഡ്രോം. പാകം ചെയ്തതും എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാത്തതുമായ ചില ഭക്ഷണ പദാർത്ഥങ്ങളിൽ ഈ ബാക്‌ടീരിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് എല്ലാത്തരം ഭക്ഷണ വസ്തുക്കളെയും ബാധിക്കും, പക്ഷേ പ്രധാനമായും കാർബോഹൈഡ്രേറ്റ് അടങ്ങിയ പാസ്ത, അരി, റൊട്ടി എന്നിവയിലാണ് അധികമായും കാണപ്പെടുക.

Read also: മറവി വല്ലാതെ കൂടുന്നുണ്ടോ? ചിലപ്പോൾ ഇത് ബ്രെയിൻ ഫോഗ് ആകാം!

ബാസിലസ് സെറിയസ് കലർന്ന ഭക്ഷണം ആരെങ്കിലും കഴിക്കുമ്പോൾ അതിലടങ്ങിയ വിഷവസ്തുക്കൾ അയാളെ രോഗിയാക്കാൻ തുടങ്ങുന്നു. വയറിളക്കം മുതൽ ഛർദ്ദി വരെ ലക്ഷണങ്ങൾ ഉണ്ടാകാം. ശരിയായ ചികിത്സ നൽകിയാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗം ഭേദമാകും. എന്നിരുന്നാലും, ഇത്തരത്തിലുള്ള ഭക്ഷ്യവിഷബാധയുണ്ടാകുമ്പോൾ കുട്ടികൾക്കും മറ്റു രോഗങ്ങളുള്ളവർക്കും ഗുരുതരമായ വൈദ്യസഹായം ആവശ്യമായി വരും. ചിലപ്പോൾ ഈ ബാക്ടീരിയ കുടൽ അണുബാധയ്ക്ക് വരെ കാരണമാകും. ഇത് കരൾ തകരാറിലാകാനും ഒടുവിൽ മരണത്തിലേക്കും നയിക്കുന്നു.

ബാസിലസ് സെറിയസിന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വേഗത്തിൽ വളരാനും പെരുകാനും കഴിയുമെന്നതിനാൽ ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ യു‌ണൈറ്റഡ് സ്റ്റെയിറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ (USDA) നിർദ്ദേശിക്കുന്നു. ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ ശരിയായി സൂക്ഷിച്ചിട്ടില്ലെന്ന് സംശയം തോന്നിയാൽ അത് കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും അത് മറ്റൊരാൾ കഴിക്കുന്നത് തടയുകയും വേണം.

Story highlights: What is fried rice syndrome?