സ്വപ്നങ്ങൾക്ക് പ്രായം തടസ്സമല്ല; തരംഗമായി വനിതകളുടെ സാഹസികയാത്ര!
നമ്മുടെ രാജ്യത്തെ നേട്ടത്തിന്റെ കൊടുമുടിയിലെത്തിച്ച നിരവധി പേരുണ്ട്. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നേറിയ ജേതാക്കളുടെ വിജയഗാഥകൾക്കും പേരുകേട്ടതാണ് നമ്മുടെ രാജ്യം. അടുത്തിടെ 14 പേരടങ്ങുന്ന ഇന്ത്യൻ സാഹസികരുടെ ഒരു വനിതാ സംഘം അരുണാചൽ പ്രദേശിന്റെ ഭൂപ്രദേശങ്ങളിലൂടെ അസാധാരണമായ ഒരു യാത്ര നടത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ‘ഫിറ്റ് അറ്റ് ഫിഫ്റ്റി+സമ്മിറ്റ്സ് ആൻഡ് സ്റ്റിയറിംഗ് വീൽസ്’ (Fit@ Fifty+Summits and Steering Wheels) എന്ന് പേരുള്ള ഈ സംഘത്തിലെ സാഹസികർ 52 മുതൽ 82 വയസ്സിനിടയിലുള്ളവരാണെന്ന കാര്യം കണക്കിലെടുക്കുമ്പോൾ നേട്ടത്തിന് ചരിത്രപ്രസക്തി ഏറുന്നു. (Women on adventurous trip)
വനിതാ സാഹസികർ ടാറ്റ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷൻ (ടിഎസ്എഎഫ്) ആർമി അഡ്വഞ്ചർ ആന്റ് ഇൻക്രെഡിബിളുമായി സഹകരിച്ച് സംഘടിപ്പിച്ചതായിരുന്നു ‘സമ്മിറ്റ്സ് ആൻഡ് സ്റ്റിയറിംഗ് വീൽ’ പര്യവേഷണം.
50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളടങ്ങുന്ന ഈ സംഘം, ബോംഡി ലാ, സെല പാസ്, ബം ലാ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ജിമിതാങ്ങ് ഗോർസം ചോർട്ടൻ മൊണാസ്ട്രി, തവാങ് മൊണാസ്ട്രി തുടങ്ങിയ ആത്മീയവും ചരിത്രപരവുമായ സ്ഥലങ്ങളും താണ്ടി.
Read also: “ഞാൻ ഇപ്പോഴും ചെറുപ്പമല്ലേ”; നൂറാം വയസ്സിൽ പാറുക്കുട്ടിയമ്മക്ക് കന്നിക്കെട്ട്!
അസാധാരണമായ നേട്ടങ്ങൾ കൈവരിക്കുന്നതോടൊപ്പം പ്രായം ഒരു സംഖ്യ മാത്രമാണെന്നും കൂടി ഈ സ്ത്രീകൾ തെളിയിക്കുന്നു. സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ തകർക്കാനും വെല്ലുവിളിക്കാനും തങ്ങളുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാനുമുള്ള പ്രചോദനം കൂടെ അവർ ലോകത്തിനു നൽകുന്നു. സഹയാത്രക്കാരിൽ നിന്നും കാഴ്ചക്കാരിൽ നിന്നും അവർ അഭിനന്ദനങ്ങൾ നേടി.
പുരുഷാധിപത്യം നിലനിൽക്കുന്ന ഈ ലോകത്ത് തടസ്സങ്ങൾ തകർത്ത് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിന്റെ പ്രതീകാത്മക യാത്രയായിരുന്നു ‘സമ്മിറ്റ്സ് ആൻഡ് സ്റ്റിയറിംഗ് വീൽ’. ഈ വനിതാ സാഹസികരുടെ നേട്ടം പ്രത്യേകിച്ച് സ്ത്രീകൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാനും പരിധികൾക്കപ്പുറത്തേക്ക് മുന്നേറാനുമുള്ള പ്രചോദനവുമാണ്.
Story highlights: Women on adventurous trip